വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ഇൻഡ്യ

ഉത്തരേന്ത്യയിൽ വൻ ഭൂചലനം; രാത്രി10.17 നാണ് ഭൂചലനമുണ്ടായത് റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തി

ദില്ലി: എൻസിആർ മേഖലയിൽ വൻ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീർ, ദില്ലി, ഉത്തർപ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക വിവരമുണ്ട്. ഇന്ന് രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിർത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് വിവരം.  ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും  ശക്തമായ ചലനമാണ് ഉണ്ടായത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ വിവരമില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ ഭൂചലനങ്ങളിൽ വെച്ച് ഏറ്റവും ശക്തമായ പ്രകമ്പനമാണ് ഇന്നുണ്ടായത്. ഉത്തരേന്ത്യയിൽ പ്രകമ്പനം ഏറെ നേരം നീണ്ടുനിന്നു. ജനം പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങി തുറസായ മേഖലകളിലേക്ക് പാഞ്ഞു. ഇപ്പോൾ പരിഭ്രാന്തിക്ക് അയവുണ്ടായതായാണ് വിവരം. പലയിടത്തും മൊബൈലിന്റെയടക്കം നെറ്റ്‌വർക്ക് നഷ്ടപ്പെട്ടുവെന്നും വിവരമുണ്ട്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തുടർച്ചയായി ഭൂമി കുലുങ്ങുന്നത് ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അതിനിടെ ശർകർപൂരിൽ കെട്ടിടം ചരിഞ്ഞതായി ദില്ലി ഫയർ സർവീസിന് വിവരം ലഭിച്ചിട്ടുണ്ട്. തെക്കൻ ദില്ലിയിലെ ചില മേഖലകളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായി ഇവിടെയുള്ള മലയാളികൾ പറയുന്നു. 

കേരളം

സംസ്ഥാനത്ത് 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടി പി ആർ 4.1 %

സംസ്ഥാനത്ത് ഇന്നലെ 172 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടി പി ആർ 4.1 ശതമാനമാണ്. കേരളത്തിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1026 ആയി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് സാഹചര്യം വിലയിരുത്താൻ ആരോഗ്യവകുപ്പിന്റെ കൊവിഡ് അവലോകന യോഗം രാവിലെ 11 മണിക്ക് നടക്കും. അതേസമയം രാജ്യത്ത് കൊവിഡ് -19, ഇന്‍ഫ്ളുവന്‍സ അണുബാധ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ജനങ്ങളോട് ആവശ്യപ്പെട്ടു. തീരദേശത്ത് കൊറോണ വൈറസ് ബാധിത കേസുകളുടെ എണ്ണം നേരിയ തോതില്‍ ഉയര്‍ന്നതായും സാവന്ത് പറഞ്ഞു. രാജ്യത്ത് കൊവിഡ്, ഇന്‍ഫ്ളുവന്‍സ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം സംസ്ഥാന സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയാണ്.

പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ കോളേജ് ഡേ ആഘോഷങ്ങൾ .

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ 2022 - 23 വർഷത്തെ കോളേജ് ഡേ ആഘോഷങ്ങൾ നടന്നു. അഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പാൾ പ്രൊഫ: ഡോ സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌റ്റുഡൻസ്സ് യൂണിയൻ ചെയർമാൻ സൽമാൻ ബിൻ നവാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ്‌ ബർസാർ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉച്ച കഴിഞ്ഞ് പ്രമുഖ മ്യൂസിക്ക് ബാന്റായ അൽമരം അവതരിപ്പിച്ച മ്യൂസിക്ക് ബാന്റും അരങ്ങേറി.

ജനറൽ

പ്ലേ ബട്ടന്‍ പോലും തന്നില്ല, ആക്രിക്കടയില്‍ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല

മലയാളികളുടെ ഇഷ്ട താരവും അവതാരകയുമാണ് മീനാക്ഷി അനൂപ്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനല്‍ കൈകാര്യം ചെയ്തവരില്‍ നിന്നുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് മീനാക്ഷി. ചാനലില്‍ നിന്ന് കിട്ടിയ വരുമാനത്തിന്റെ നല്ലൊരു ഭാഗം അവര്‍ തട്ടിയെടുത്തു കൊണ്ടുപോയെന്നും തങ്ങള്‍ വഞ്ചിക്കപ്പെടുവായിരുന്നുവെന്നും മീനാക്ഷിയും കുടുംബവും പറഞ്ഞു. ‘യൂട്യൂബ് ചാനല്‍ തുടങ്ങാമെന്ന് ഒരു ടീം ഞങ്ങളെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അവര്‍ തന്നെയാണ് ഇ.മെയില്‍ ഐഡിയും പാസ് വേര്‍ഡുമെല്ലാം ക്രിയേറ്റ് ചെയ്തത്. രണ്ടു ലക്ഷത്തോളം ഫോളോവേഴ്സും ആയി. അവര്‍ തന്നെയാണ് വീഡിയോ എടുക്കുന്നതും എഡിറ്റ് ചെയ്യുന്നതും അപ്ലോഡ് ചെയ്യുന്നതും. കിട്ടിയ പ്ലേ ബട്ടന്‍ പോലും തന്നില്ല. ആക്രിക്കടയില്‍ കൊടുത്ത് അതും പണമാക്കിയോ എന്നറിയില്ല’-മീനാക്ഷി പറഞ്ഞു.

ജനറൽ

ജയറാമേ….ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നൊരു വിളി, ആരെടാ അത് എന്ന് ചോദ്യവുമായി താരവും

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയറാം. ഒരു ചടങ്ങിനെത്തിയ ജയറാമിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. എല്ലാവരോടും സംസാരിച്ച് സന്തോഷത്തില്‍ ജനക്കൂട്ടത്തിന് ഇടയിലൂടെ നടന്നുവരികയാണ് ജയറാം. അപ്പോഴാണ് ആള്‍കൂട്ടത്തില്‍ നിന്നും ആ വിളി എത്തിയത്. ഒരു ചെറിയ പയ്യന്റെ വിളി. ‘ജയറാമേ…’ ഇത്ര ജനക്കൂട്ടത്തിന് ഇടയില്‍ പേരെടുത്ത് വിളിക്കാനുള്ള ധൈര്യമുള്ള ആ കുഞ്ഞ് ആരാധകനെ നന്നായി ശ്രദ്ധിച്ച് തമാശയോടെ തന്നെ ആ വിളിയെ ജയറാം നെഞ്ചിലേറ്റി. വിഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.  

ജനറൽ

അപ്പുക്കുട്ടനും ദമയന്തിയും വീണ്ടും കണ്ടുമുട്ടി; ‘ചാള്‍സ് എന്റര്‍പ്രൈസസ്’ ആദ്യ ഗാനം സൂപ്പര്‍ഹിറ്റ്

ഒട്ടെറെ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച് പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റിയ താരങ്ങളാണ് ജഗതി ശ്രീകുമാറും ഉര്‍വ്വശിയും. അപകടത്തില്‍പ്പെട്ട് അഭിനയ ജീവിതത്തില്‍ ഇടവേളയെടുക്കേണ്ടി വന്ന ജഗതീ ശ്രീകുമാര്‍ ഉര്‍വ്വശിക്കൊപ്പം വളരെ നാളുകള്‍ക്ക് ശേഷം ഒരു വേദി പങ്കിട്ടിരിക്കുകയാണിപ്പോള്‍. ഉര്‍വ്വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ചാള്‍സ് എന്റര്‍പ്രൈസസ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേദിയായ തിരുവനന്തപുരത്തെ ലുലുമാളായിരുന്നു താരങ്ങളുടെ കണ്ടുമുട്ടലിന്റെ ഇടമായി മാറിയത്. ജോയ് മൂവീസിന്റെ ബാനറില്‍ നവാഗതനായ ലളിത സുഭാഷ് സുബ്രമണ്യനാണ് ചാള്‍സ് എന്റര്‍പ്രൈസസിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സുബ്രമണ്യന്‍ കെ വി യുടെ സംഗീതത്തില്‍ നാചി എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് മോഹനന്‍ ചിറ്റൂരാണ്. തങ്കമയില് തങ്കമയില്.. എന്ന് തുടങ്ങുന്ന ചാള്‍സ് എന്റര്‍പ്രൈസസിലെ ആദ്യ ഗാനം ജോയ് മ്യൂസിക് യൂട്യൂബ് ചാനല്‍ വഴിയാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുന്നത്. ഫോക് ചുവയുള്ള തമിഴും മലയാളവും കലര്‍ന്ന രീതിയിലാണ് ഗാനത്തിന്റെ വരികള്‍ ഒരുക്കിയിരിക്കുന്നത്. കല്യാണ വീടും അതിന്റെ പരിസരവുമാണ് ഗാനത്തിന് പശ്ചാത്തലമാകുന്ന ഗാനത്തിന് മികച്ച പ്രതികാരമാണ് ലഭിക്കുന്നത്. ഈ ചിത്രത്തിലെ മറ്റു ഗാനങ്ങള്‍ എഴുതിയിരിക്കുന്നത് അന്‍വര്‍ അലി, ഇമ്പാച്ചി, സംഗീത ചേനംപുല്ലി, ലളിതാസുഭാഷ് സുബ്രഹ്‌മണ്യന്‍ എന്നിവരാണ്. പശ്ചാത്തല സംഗീതം അനൂപ് പൊന്നപ്പനും നിര്‍വ്വഹിച്ചിരിക്കുന്നു. രസകരമായ നര്‍മ്മമുഹൂര്‍ത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി മിസ്റ്ററി ഡ്രാമയാണ് ഈ ചിത്രമെന്നാണ് നേരത്തെ പ്രേക്ഷകരിലേക്ക് എത്തിയ ടീസറില്‍ നിന്ന് വ്യക്തമായിരുന്നു. ഏറെ നാളുകള്‍ക്ക് ശേഷം ഉര്‍വ്വശി ഹാസ്യരസ പ്രാധാന്യമുള്ള കഥാപാത്രത്തെ മലയാളത്തില്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട് കൂടാതെ പാ രഞ്ജിത്ത് സിനിമകളിലൂടെ ശ്രദ്ധേയനായ കലൈയരസന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ ‘ചാള്‍സ് എന്റര്‍പ്രൈസസ്’. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ Dr. അജിത് ജോയ്, അച്ചു വിജയന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഉര്‍വ്വശിക്കു പുറമേ, ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനുപ്രിയ, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഹനിര്‍മ്മാണം പ്രദീപ് മേനോന്‍, അനൂപ് രാജ് ഛായാഗ്രഹണം -സ്വരൂപ് ഫിലിപ്പ്, കലാസംവിധാനം – മനു ജഗദ്, സംഗീതം – സുബ്രഹ്‌മണ്യന്‍ കെ വി എഡിറ്റിംഗ് -അച്ചു വിജയന്‍, നിര്‍മ്മാണ നിര്‍വ്വഹണം -ദീപക് പരമേശ്വരന്‍, വസ്ത്രാലങ്കാരം – അരവിന്ദ് കെ ആര്‍ മേക്കപ്പ് – സുരേഷ്, പി ആര്‍ ഒ- വൈശാഖ് സി വടക്കേവീട്. ചിത്രം ജോയ് മൂവി പ്രൊഡക്ഷന്‍സ് ഏപ്രില്‍ എട്ടിന് പ്രദര്‍ശനത്തിനെത്തിക്കും.

ജനറൽ

ഞാന്‍ തിരികെയെത്തി, എല്ലാവര്‍ക്കും നന്ദി; വികാരാധീനനായി മിഥുന്‍ രമേശ്

ആരാധകര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ച്  ബെല്‍സ് പാള്‍സി  രോഗത്തിന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുന്‍ രമേശ്. ഹിറ്റ് 96.7 എഫ്എമ്മിലേക്ക് ഇന്ന് ഞാന്‍ തിരിച്ചെത്തി ജോലി ആരംഭിച്ചുവെന്നും 100 ശതമാനം ഭേദമാകുന്ന അവസ്ഥയിലേക്ക് എത്തുന്നതേയുള്ളൂ എന്നും മിഥുന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചു. പക്ഷേ ഇത് സാധ്യമായത് നിങ്ങളുടെയെല്ലാം പ്രാര്‍ഥനയും ആശംസകളും മെസേജുകളും ഒക്കെ കൊണ്ടാണ്. എന്റെ ഹൃദയം നിറഞ്ഞ നന്ദി, മിഥുന്‍ രമേശ് ഫേസ്ബുക്ക് സ്റ്റോറിയായി വീഡിയോയ്‌ക്കൊപ്പം കുറിച്ചു. തനിക്ക് ബെല്‍സ് പാള്‍സി രോഗം ബാധിച്ചുവെന്നും തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നും അടുത്തിടെയാണ് നടനും അവതാരകനുമായ മിഥുന്‍ രമേശ് വെളിപ്പെടുത്തിയത്. മുഖം ഒരു വശത്തേക്ക് താല്‍ക്കാലികമായി കോടിപ്പോയെന്നും ഒരു വശംകൊണ്ട് മാത്രമേ ചിരിക്കാന്‍ കഴിയുന്നുള്ളൂ എന്നും വീഡിയോയില്‍ മിഥുന്‍ പറഞ്ഞിരുന്നു. മുഖത്തെ ഞരമ്പുകള്‍ക്ക് ഉണ്ടാവുന്ന തളര്‍ച്ചയാണ് ബെല്‍സ് പാള്‍സി. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമൊക്കെ മുഖത്തെ സഹായിക്കുന്നത് ഫേഷ്യല്‍ മസിലുകളാണ്. ഈ മസിലുകളെ പിന്തുണയ്ക്കുന്നത് ഫേഷ്യല്‍ നെര്‍വുകള്‍ ആണ്. ഈ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെല്‍സ് പാള്‍സി.

പ്രവാസം

റമദാന് മുന്നോടിയായി മക്കയില്‍ കഅ്ബയെ അണിയിച്ച കിസവയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി

കഅ്ബയുടെ കിസ്‍വ ദിവസേന പരിശോധിക്കുകയും കാലാനുസൃതമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്നതായി കിങ് അബ്ദുൽ അസീസ് കിസ്‍വ സമുച്ചയം അണ്ടർ സെക്രട്ടറി എൻജി. അംജദ് അൽഹാസിമി പറഞ്ഞു. റിയാദ്: മക്കയില്‍ കഅ്ബയെ അണിയിച്ച പുടവ (കിസ്‍വ)യുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. റമദാന് മുന്നോടിയായാണ് ഇത്. കിങ് അബ്ദുൽ അസീസ് കിസ്‍വ സമുച്ചയത്തിൽനിന്നുള്ള ജോലിക്കാരാണ് കിസ്‍വയുടെ കോടുപാടുകൾ തീർത്ത് അതിന്റെ ഭംഗിയും രൂപവും ഏറ്റവും മികച്ച രൂപത്തിൽ സംരക്ഷിക്കുന്നതിനുള്ള ജോലികൾ പുർത്തിയാക്കിയത്.  കഅ്ബയുടെ കിസ്‍വ ദിവസേന പരിശോധിക്കുകയും കാലാനുസൃതമായ അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്യുന്നതായി കിങ് അബ്ദുൽ അസീസ് കിസ്‍വ സമുച്ചയം അണ്ടർ സെക്രട്ടറി എൻജി. അംജദ് അൽഹാസിമി പറഞ്ഞു. ജീവനക്കാരുടെ സംഘം കിസ്‍വയുടെ എല്ലാ ഭാഗങ്ങളും അത് ഉറപ്പിക്കുന്ന വളയങ്ങളും പരിശോധിക്കുന്നു. കേടുപാടുകൾ കാണുമ്പോൾ അത് ഉടനടി ശരിയാക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും അൽഹാസിമി പറഞ്ഞു.  റമദാനിനോടനുബന്ധിച്ച് കിസ്‍വയുടെ അറ്റകുറ്റപണികൾ നിർവഹിക്കാനും മുൻഗണന നൽകാനും സ്‍പെഷ്യലിസ്റ്റുകളുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘത്തെ ഒരുക്കിയിട്ടുണ്ട്. റെക്കോർഡ് സമയത്തിനുള്ളിൽ കൃത്യതയുയോടെയും ഗുണനിലവാരം ഉറപ്പുവരുത്തിക്കൊണ്ടുമാണ് സംഘത്തിന്റെ പ്രവർത്തനം ഇതിനായി  അത്യാധുനിക സാങ്കേതിക വിദ്യകളും അന്തർദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നതെന്നും അൽഹാസിമി പറഞ്ഞു.