വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

നേച്ചർ ക്യാമ്പ്

ഈരാറ്റുപേട്ട .എം ഇ എസ് കോളജിലെ എൻഎസ്എസ് വളണ്ടിയർമാർ തേക്കടി പെരിയാർ ടൈഗർ റിസർവ്വിൽ  വനം വകുപ്പ് നടത്തിയ നേച്ചർക്യാമ്പിൽ പങ്കെടുത്തു. വനത്തെയും വന്യജീവികളെയും അടുത്തറിയാനുള്ള അപൂർവ്വ അവസരമായി  മാറി ഈ ക്യാമ്പ്. 34 വിദ്യാർത്ഥികൾപങ്കെടുത്തു. ഹലീൽമുഹമ്മദ് , മുംതാസ്കബീർ എന്നീ അദ്ധ്യാപകർ നേതൃത്വം നൽകി .  

ജനറൽ

വേനൽക്കാലം കരുതലോടെ മറികടക്കാം

വേനല്‍ക്കാലം അതിരൂക്ഷമാകുന്നു. താപനില കൂടുന്നതിനാല്‍ വേനലില്‍ നിര്‍ജ്ജലീകരണത്തിനുള്ള സാധ്യതയും കൂടുതലാണ്. ദാഹിക്കുന്നതിന് കാത്തിരിക്കാതെ ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. ദിവസം രണ്ടര മുതല്‍ മൂന്നു ലിറ്റര്‍ വരെ വെള്ളം കുടിക്കാം. നാരങ്ങവെള്ളം, കഞ്ഞിവെള്ളം, മോരിന്‍വെള്ളം, കരിക്കിന്‍വെള്ളം, ജീരകവെള്ളം തുടങ്ങിയ പോഷക ഗുണങ്ങള്‍ ഏറെയുള്ള വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. അമിതമായി ഭക്ഷണം കഴിക്കാതെ കുറഞ്ഞ അളവില്‍ ഭക്ഷണം ഇടവേളകളിട്ട് കഴിക്കുന്നതാണ് നല്ലത്. വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ചര്‍മ്മരോഗങ്ങളില്‍ നിന്നും വിറ്റമിന്റെ അഭാവത്തിലുള്ള രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ പഴങ്ങള്‍ കഴിക്കാം. നാരങ്ങ വര്‍ഗ്ഗത്തില്‍പ്പെട്ട പഴങ്ങള്‍ (ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി), തണ്ണിമത്തന്‍, മാതളനാരങ്ങ, മസ്‌ക്മെലന്‍ എന്നിവ ഉള്‍പ്പെടുത്തുക. വിറ്റാമിനുകളുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് പൈനാപ്പിള്‍. മാമ്പഴത്തില്‍ ബീറ്റാ കരോട്ടീന്‍, വിറ്റമിന്‍ എ, സി എന്നിവ ധാരാളമായിട്ടുണ്ട്. ഇത് വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കും. സൂര്യപ്രകാശം കൊണ്ട് ചര്‍മ്മത്തിനുണ്ടാക്കുന്ന കരുവാളിപ്പ് മാറാന്‍ പപ്പായ സഹായിക്കും. ഇടനേരങ്ങളില്‍ പച്ചക്കറി സാലഡ് കഴിക്കുന്നത് നിര്‍ബന്ധമാക്കണം. അമിതമായി കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കണം. ഫാസ്റ്റ് ഫുഡുകള്‍, പായ്ക്കറ്റ് ആഹാരസാധനങ്ങള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഇവയുടെ അമിത ഉപയോഗം ദഹനക്കേടിന് കാരണമാകും. ചായ, കാപ്പി എന്നിവയ്ക്ക് പകരം ഫ്രൂട്ട് ജ്യൂസുകളോ ഉപ്പ് കുറച്ചുള്ള പച്ചക്കറിസൂപ്പുകളോ ഉള്‍പ്പെടുത്താം. വേനലില്‍ ഊര്‍ജ്ജസ്വലതും ഉന്‍മേഷവും ലഭിക്കാന്‍ ഉത്തമമായ പാനീയമാണ് ഇളനീര്‍. ഇത് ദാഹവും ക്ഷീണവും അകറ്റുന്നു. ഇറച്ചി, മുട്ട വറുത്തത് എന്നത് കഴിവതും കുറയ്ക്കണം. അധികം മധുരമുള്ള പലഹാരങ്ങള്‍, ഉപ്പ് കൂടുതലുള്ള പലഹാരങ്ങള്‍ എന്നിവ കുറയ്ക്കണം.  

ജനറൽ

ഒരുപക്ഷെ ആദ്യമായി എന്റെ ചിത്രം അച്ചടിച്ച് വന്നത് ഇതിലായിരിക്കാം, കലാലയത്തില്‍ വീണ്ടുമെത്തി മമ്മൂട്ടി

“സിനിമാ നടനല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയുമെല്ലാം അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം”, മഹാനടന്‍ മമ്മൂട്ടിയുടെ മനസില്‍ മഹാരാജാസ് കോളേജും ലൈബ്രറിയും നിറയുന്നത് ഇങ്ങനെയാണ്.സിനിമാ ഷൂട്ടിങ്ങിനായി താന്‍ പഠിച്ചിരുന്ന കലാലയത്തിലേക്ക് വീണ്ടും എത്തിയപ്പോള്‍ മമ്മൂക്ക ആ പഴയ പൊടിമീശക്കാരനെ ഓര്‍ത്തെടുത്തു. എന്നെങ്കിലും ഒരിക്കല്‍ സിനിമാ ഷൂട്ടിങ്ങിന് ഇവിടെ വരുമെന്ന് കരുതിയിരുന്നില്ലെന്നും വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചുവെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നടന്‍ പറയുന്നു. പുതിയ ചിത്രമായ ‘കണ്ണൂര്‍ സ്‌ക്വാഡി’ന്റെ ചിത്രീകരണത്തിനായി മഹാരാജാസ് കോളേജിലെത്തിയതായിരുന്നു അദ്ദേഹം. മണിക്കൂറുകള്‍ക്കകം ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. കോളേജ് കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ മമ്മൂട്ടിയുടെ ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു ഫീലാണെന്ന് നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. മഹാരാജാസ് കോളേജ് ലൈബ്രറിയിലെ പഴയ മാഗസിനില്‍ അച്ചടിച്ച് വന്ന തന്റെ ചിത്രവും മമ്മൂട്ടി പരിചയപ്പെടുത്തുന്നുണ്ട്. ഒരുപക്ഷെ ആദ്യമായി തന്റെ ചിത്രം അച്ചടിച്ച് വന്നത് ഈ കോളേജ് മാഗസിനിലായിരിക്കുമെന്നും നടന്‍ പറയുന്നു. മമ്മൂട്ടിയുടെ വാക്കുകള്‍… ‘എന്നെങ്കിലും ഒരിക്കല്‍ സിനിമാ ഷൂട്ടിങ്ങിന് ഇവിടെ വരുമെന്ന് കരുതിയിരുന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം അതും സംഭവിച്ചു. മഹാരാജാസ് കോളേജ് ലൈബ്രറി.. സിനിമാ നടനല്ലാത്ത മുഹമ്മദ് കുട്ടി കഥകളെയും കഥാപാത്രങ്ങളെയുമെല്ലാം അടുത്തറിയുകയും സ്വപ്നാടനം ചെയ്യുകയും ചെയ്ത സ്ഥലം. ഒരു കൗതുകത്തിന് പഴയ കോളേജ് മാഗസിനുകള്‍ അന്വേഷിച്ചു. നിറംപിടിച്ച ഓര്‍മകളിലേക്ക് ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം അവരെടുത്തു തന്നു. ഒരുപക്ഷെ ആദ്യമായി എന്റെ ചിത്രം അച്ചടിച്ച് വന്നത് എന്റെ കോളേജ് മാഗസിനിലായിരിക്കും. കാലം മാറിയാലും കലാലയത്തിന്റെ ആവേശം ഒട്ടും മാറില്ല…’

മരണം

ഇന്നാലില്ലാഹി.....കുഞ്ഞു ഫാത്തിമ (93) വയസ്സ് മരണപ്പെട്ടു

മർഹും PA മു ഹമ്മദ് സാഹിബിൻ്റെ (അമീൻ ജുവല്ലറി ) ഭാര്യ.. കുഞ്ഞു ഫാത്തിമ (93) വയസ്സ് മരണപ്പെട്ടു.. കബറടക്കം നാളെ പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

പ്രാദേശികം

മുസ്ലിം ഗേൾസിൽ നിന്ന് വിരമിച്ചവർ സംഗമിച്ചു.

ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിവിധ കാലങ്ങളിൽ വിരമിച്ചവർ ഒത്തുകൂടി. സ്ക്കൂളിന്റെ ആരംഭത്തിലുണ്ടായിരുന്ന അധ്യാപക ശ്രേഷ്ടരെ  ആദരിച്ചു.  മുൻ സംഗീത അധ്യാപിക വിജയമ്മ ടീച്ചറിന്റെ പ്രാർത്ഥന വരികളോടെ യോഗം ആരംഭിച്ചു. മുൻ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പ്രഫ.എം.കെ. ഫരീദ് യോഗം ഉദ്ഘാടനം ചെയ്തു. മുൻ  ഹെഡ്മിസ്ട്രസുമാരായ ശ്യാമളക്കുട്ടി അന്തർജ്ജനം, ആലീസ് ജോസ്, ശ്രീദേവി, അധ്യാപകരായ ത്രസ്യാമ്മ തോമസ്, വനജാക്ഷിയമ്മ, സുഹുറാബീവി, സോഫി പി.കെ. തുടങ്ങിയവർ പ്രസംഗിച്ചു. 80 വയസ് കഴിഞ്ഞ   ഗൂരുവര്യരായ ആനന്തവല്ലികുഞ്ഞമ്മ, മേരിക്കുട്ടി റ്റി.സി., ലക്ഷ്മിക്കുട്ടിയമ്മ  എന്നിവരെ ഹെഡ്മിസ്ട്രസ്  ലീന എം.പി. ആദരിച്ചു. മുൻ അധ്യാപിക രമണി ടീച്ചർ രചിച്ച കവിത ലീലാമ്മ എം.ജി. ആലപിച്ചു.മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും വിരമിച്ചവരെ ഉൾപ്പെടുത്തിക്കൊണ്ട് സൗഹൃദകൂട്ടായ്മ രൂപീകരിക്കാൻ തീരുമാനിച്ചു. ഗ്രേസിക്കുട്ടി ജോസഫ് സ്വാഗതവും സാറാഉമ്മ നന്ദിയും പറഞ്ഞു.

പ്രാദേശികം

പ്രകൃതി പഠന ക്യാമ്പ് നടത്തി.

ഈരാറ്റുപേട്ട: മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ സാഫ് നേച്ചർ ക്ലബ്ബ് അംഗങ്ങൾക്കായി കേരള സംസ്ഥാന വനം വകുപ്പ് സോഷ്യൽ ഫോറസ്ട്രി പൊൻകുന്നം റേഞ്ച് എരുമേലി കനകപ്പലത്ത് പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. കനകപ്പലത്തുള്ള കോട്ടയം ജില്ലാ വനവിജ്ഞാന വ്യാപന കേന്ദ്രത്തിൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജി.ആർ ക്ലാസ്സുകൾക്ക് നേത്യത്വം നൽകി. വനയാത്ര, വ്യക്ഷതൈ നേഴ്സറി സന്ദർശനം, സോഷ്യൽ ഫോറസ്ട്രി പദ്ധതി പരിചയം, തുടങ്ങി വിവിധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. അധ്യാപകരായ മുഹമ്മദ് ലൈസൽ, പി.എൻ. ജവാദ് റഫിൻ ഷാ, ഫാത്തിമ റഹീം, ഷാഹിന തുടങ്ങിയവർ ക്യാമ്പിന് നേത്യത്വം നൽകി. ഹെഡ്മിസ്ട്രസ് എം.പി ലീന, മുൻ ഹെഡ്മിസ്ട്രസ് ആർ.ഗീത, എം.എഫ് അബ്ദുൽ ഖാദർ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

ജനറൽ

ദിവസവും ഈന്തപ്പഴം കഴിക്കാം; ആരോഗ്യഗുണങ്ങളേറെ

ധാരാളം പോഷകങ്ങള്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ ഭക്ഷണമാണ് ഈന്തപ്പഴം. പ്രോട്ടീനുകളുടെ ശക്തമായ ഉറവിടമായ ഈന്തപ്പഴം ഭക്ഷണശീലത്തിന്റെ ഭാഗമാക്കുന്നത് ഫിറ്റ്‌നസ് നിലനിര്‍ത്താനും നമ്മുടെ പേശികളെ ശക്തമാക്കാനും സഹായിക്കും. ഇവയുടെ പോഷക ഗുണങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്നതാണ്. ഈന്തപ്പഴത്തിലെ നാരുകള്‍ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കും. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തെ മന്ദഗതിയിലാക്കും. ഇതുവഴി ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരുന്നത് തടയാന്‍ സഹായിക്കും. ഈന്തപ്പഴത്തില്‍ പ്രകൃതിദത്ത ഷുഗറുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് നിങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ഊര്‍ജനിലവാരത്തില്‍ പ്രകടമായ മാറ്റമുണ്ടാക്കുകയും ചെയ്യും. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും നേത്ര സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കുകയും ചെയ്യും. വൈറ്റ് ബ്ലഡ് സെല്ലുകളും മറ്റു കോശങ്ങളും ചേര്‍ന്നുല്‍പ്പാദിപ്പിക്കുന്ന ഇന്റര്‍ലൂക്കിന്‍ 6 (IL-6) കുറയ്ക്കാന്‍ ഈന്തപ്പഴം സഹായിക്കും. ഇത് ഉയര്‍ന്ന അളവില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് അല്‍ഷിമേഴ്സ് പോലുള്ള ന്യൂറോ ഡീ- ജെനറേറ്റീവ് രോഗങ്ങളുടെ ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈന്തപ്പഴത്തില്‍ ബി, ബി2, ബി3, ബി5, എ1, സി തുടങ്ങിയ വിറ്റാമിനുകളും സെലിനിയം, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തില്‍ സെലിനിയം, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ ശരീരത്തിലെ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകള്‍ തടയാനും ഇവ ഗുണം ചെയ്യും.

കേരളം

വേനല്‍ കാലത്തെ തീപിടുത്തം, ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചൂട് വര്‍ധിക്കുന്നതുമൂലം തീപിടുത്തത്തിനും സാധ്യതയുണ്ട്. പലപ്പോഴും അശ്രദ്ധയാണ് തീപിടുത്തത്തിന് കാരണം. സംസ്ഥാനത്ത് പല സ്ഥലങ്ങളില്‍ നിന്നും ചെറുതും വലുതുമായ തീപിടുത്തങ്ങള്‍മൂലം നിരവധി പേരാണ് പൊള്ളലേറ്റ് ചികിത്സ തേടുന്നത്. അല്‍പ്പം ശ്രദ്ധിച്ചാല്‍ പല തീപിടുത്തങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു. പൊള്ളലേറ്റവരുടെ വിദഗ്ധ ചികിത്സയ്ക്കായി പ്രധാന ആശുപത്രികളില്‍ സംവിധാനങ്ങളുണ്ട്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ബേണ്‍സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീപിടുത്തമുണ്ടാകാതെയും പൊള്ളലേല്‍ക്കാതെയും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചൂട് കാലമായതിനാല്‍ തീപിടുത്തം ഉണ്ടായാല്‍ വളരെവേഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. തീ, ഗ്യാസ്, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയില്‍ നിന്നൊക്കെ തീപിടുത്തമുണ്ടാകാം. പേപ്പറോ ചപ്പുചവറോ കരിയിലയോ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ തീപിടുത്തമുണ്ടാകാന്‍ സാധ്യതയുണ്ട്. പാചകം ചെയ്യുമ്പോഴും തീപിടുത്തമുണ്ടാകാതെ ശ്രദ്ധിക്കണം. തീപിടുത്തമുണ്ടായാല്‍ ചുവടെ നല്‍കിയിക്കുന്ന കാര്യങ്ങള്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ · തീപിടുത്തമുണ്ടായാല്‍ എത്ര ചെറിയ പൊള്ളലാണെങ്കിലും നിസാരമായി കാണരുത്. · പ്രഥമ ശ്രുശ്രൂഷ നല്‍കി ചികിത്സ തേടണം. · തീ കൂടുതല്‍ പടരുമെന്നതിനാല്‍ പരിഭ്രമിച്ച് ഓടരുത്. · തീയണച്ച ശേഷം പൊള്ളലേറ്റ ഭാഗത്തേക്ക് തണുത്തവെള്ളം ധാരാളമായി ഒഴിക്കുകയോ തണുത്ത വെള്ളത്തില്‍ 5-10 മിനിട്ട് മുക്കിവയ്ക്കുകയോ ചെയ്യുക. · അധികം തണുത്ത വെള്ളമോ ഐസ് വെള്ളമോ ഒഴിക്കരുത്. ഇത് രോഗിയുടെ ശരീരതാപനില പെട്ടെന്ന് കുറഞ്ഞ് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും. · അണുബാധയ്ക്ക് കാരണമാകുമെന്നതിനാല്‍ കുമിളകള്‍ ഉരയ്ക്കുകയോ കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്. · നെയ്യ്, വെണ്ണ, പൗഡര്‍, എന്തെങ്കിലും ദ്രാവകം, ഓയിന്റ്‌മെന്റ്, ലോഷന്‍, ടൂത്ത്പേസ്റ്റ് എന്നിവ പൊള്ളലേറ്റ ഭാഗത്ത് പുരട്ടരുത്. · പൊള്ളലേറ്റ ഭാഗത്ത് ഒട്ടിപ്പിടിക്കുന്നതരം പഞ്ഞിയോ ബാന്‍ഡേജോ ഒട്ടിക്കരുത്. · വായിലോ തൊണ്ടയിലോ പൊള്ളലേറ്റും ചൂട് പുക ശ്വസിക്കുന്നത് കാരണവും ശ്വാസതടസം ഉണ്ടാകാം. · ശ്വാസതടസം കൂടുതലാണെങ്കില്‍ അടിയന്തിര ചികിത്സ വേണ്ടിവരും. · സമയം നഷ്ടപ്പെടുത്താതെ എത്രയുംവേഗം ചികിത്സ തേടുക.