പൂഞ്ഞാറിനെ പഴവർഗ്ഗ കൃഷി ഹബ്ബാക്കി മാറ്റും :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ
ഈരാറ്റുപേട്ട : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറും, സംസ്ഥാന കൃഷിവകുപ്പിന് കീഴിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷനും ചേർന്ന് നടത്തുന്ന ഫലവൃക്ഷ കൃഷി പദ്ധതിയായ ഫലസമൃദ്ധി പൂഞ്ഞാർ പദ്ധതിയിലൂടെ പൂഞ്ഞാറിനെ ഫലവർഗ്ഗ കൃഷിയുടെ ഹബ്ബാക്കി മാറ്റുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.ഫലസമൃദ്ധി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കർഷകരുടെ സെമിനാർ വിഴിക്കത്തോട് ഹോം ഗ്രോൺ കാർഷിക നഴ്സറിയിൽ വെച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ നിഷ. കെ. മാമ്മന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ ഫല സമൃദ്ധി പദ്ധതി ചീഫ് കോ- ഓർഡിനേറ്റർ ജോർജ് ജോസഫ് വടക്കേ ചിറയാത്ത്, ജനറൽ കൺവീനർ ആന്റണി അറയ്ക്കപ്പറമ്പിൽ , മേഖലാ കോ-ഓഡിനേറ്റർ ജോസ് സി.കല്ലൂർ, നിയോജകമണ്ഡലത്തിലെ വിവിധ കൃഷി ഓഫീസർമാരായ സാന്ദ്ര സെബാസ്റ്റ്യൻ, രേഖ PR, സുഭാഷ് S,നിഷ മോൾ K A,സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഉദ്യോഗസ്ഥരായ ദീപ ശേഖർ, ടിൻസി ആന്റണി തുടങ്ങിയവർ സെമിനാറിന് നേതൃത്വം നൽകി. കാർഷിക വിദഗ്ധരായ സെബാസ്റ്റ്യൻ VC, നവീൻ ജോർജ്, ടീന എലിസബത്ത് എന്നിവർ സെമിനാർ നയിച്ചു. ഫലസമൃദ്ധി പദ്ധതിക്ക് വേണ്ടി പൂഞ്ഞാറിന് പ്രത്യേക ക്ലസ്റ്റർ അനുവദിച്ച് ഒരു ഹെക്ടർ ഫലവൃക്ഷ കൃഷിക്ക് മുപ്പതിനായിരം രൂപ പ്രകാരം സബ്സിഡി അനുവദിക്കപ്പെട്ടിട്ടുണ്ട്. പദ്ധതിയിലേക്ക് ഒന്നാം ഘട്ടമായി 100 കൃഷിക്കാരെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. വരും വർഷങ്ങളിലും പദ്ധതി തുടരുമെന്നും പൂഞ്ഞാർ നിയോജകമണ്ഡലത്തെ പഴവർഗ്ഗ കൃഷിയുടെ ഒരു ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ഇതിന്റെ ഭാഗമായി മൂല്യവർദ്ധന, അന്താരാഷ്ട്ര മാർക്കറ്റ് ലക്ഷ്യം വെച്ചുകൊണ്ടുള്ള വിപണന സംവിധാനം എന്നിവയും ഭാവിയിൽ ഒരുക്കുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.