വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ.

വോട്ടിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കുന്നതിനും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും പോളിങ് ബൂത്തിനകത്ത് ഫോൺ പ്രവേശിപ്പിക്കുന്നത് പൂർണ്ണമായും തടയാനാണ് നിർദേശം.ഫോണിലെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ മുൻനിർത്തി, വോട്ടർമാർ തങ്ങളുടെ ഫോണുകൾ വാഹനങ്ങളിലോ മറ്റ് സുരക്ഷിത ഇടങ്ങളിലോ സൂക്ഷിക്കേണ്ടതാണ്. അല്ലാത്തപക്ഷം ബൂത്തിലേക്ക് കടക്കുന്നതിന് മുൻപ് ഫോൺ 'മൊബൈൽ ഫോൺ കീപ്പിങ് പൗച്ചി'ൽ നിക്ഷേപിച്ച് വളണ്ടിയർമാരിൽ നിന്ന്  ടോക്കൺ വാങ്ങണം. വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങുമ്പോൾ ടോക്കൺ തിരികെ നൽകി ഫോൺ കൈപ്പറ്റാം.വോട്ടർമാരുടെ ഫോൺ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി പ്രത്യേക ഹരിത മൊബൈൽ ഫോൺ കീപ്പിങ് പൗച്ച്  ഓരോ പോളിങ് സ്റ്റേഷനിലും  സ്ഥാപിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമെ ബൂത്തിനകത്ത് ഫോൺ ഉപയോഗിക്കാൻ അനുമതിയുള്ളൂ. എന്നാൽ ഇവർ നിർബന്ധമായും ഫോൺ സൈലന്റ് മോഡിലാക്കി മാത്രമേ ഉപയോഗിക്കാവൂ.

കോട്ടയം

ഡ്രസ്സ്‌ ബാങ്ക് ഈരാറ്റുപേട്ടക്ക് പുതിയ ഭാരവാഹികൾ

ഈരാറ്റുപേട്ട: വിവാഹ വസ്ത്രങ്ങൾ അർഹരായവർക്ക് സൌജന്യമായി നൽകുന്ന സേവനം ചെയ്യുന്ന ഡ്രസ്സ്‌ ബാങ്ക് ഈരാറ്റുപേട്ടയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തുഫാത്തിമ ശമ്മാസ് (പ്രസിഡന്റ്‌), റിത ഇർഫാൻ (സെക്രട്ടറി), ഫർസാന ഷാമോൻ (ട്രഷറർ), നേബില ശിഹാബ് (വൈസ് പ്രസിഡന്റ്‌), അൻസി ഷെർബിൻ (ജനറൽ സെക്രെട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.സുമയ്യ നൗഫൽ, ഷൈല അമീർജൻ, മുഹമ്മദ്‌ ഇർഫാൻ, മുഹമ്മദ്‌ റയീസ്, ഷാമോൻ ഷാജഹാൻ എന്നിവർ എക്സിക്യൂട്ടീവ് പാനലിൽ തുടരും. എക്സിക്യൂട്ടീവിലേക്ക് പുതിയ അംഗമായി ഹണി മോൾ കെ.എസ് നെ തെരഞ്ഞെടുത്തു.

കോട്ടയം

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കോട്ടയം

ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനത്തോടനുബന്ധിച്ച വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചങ്ങനാശ്ശേരി പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളജ്, കോണ്ടൂർ ബാക്ക് വാട്ടേഴ്സ് ഹോട്ടൽ ആൻഡ് റിസോർട്സ് എന്നിവയുടെ വ്യോമപരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും ഏപ്രിൽ നാലിന് പുലർച്ചെ 12 മുതൽ 24 മണിക്കൂർ ഹെലികോപ്റ്ററുകളും ഡ്രോണുകളും മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിന് നിരോധം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി. വ്യോമസേനയ്ക്കും എസ്.പി.ജിക്കും സംസ്ഥാന പോലീസിനും പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി നിയോഗിക്കപ്പെട്ടിട്ടുള്ള മറ്റ് ഏജൻസികൾക്കും നിരോധനം ബാധകമല്ല. ഹെലികോപ്റ്ററുകളോ നിരോധന പരിധിയിൽ വരുന്ന മറ്റ് ഉപകരണങ്ങളോ അടിയന്തര സാഹചര്യത്തിൽ പറത്തേണ്ടതുണ്ടെങ്കിൽ ജില്ലാ കളക്ടറുടെ മുൻകൂർ അനുമതി വാങ്ങണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.

കോട്ടയം

കോട്ടയം ജില്ലയിൽ വീട്ടിൽ വോട്ട് ചെയ്തത് 11,920 പേർ

കോട്ടയം: ജില്ലയിൽ വീട്ടിൽ വോട്ട് രേഖപ്പെടുത്തിയത് 11,920 പേർ. 85 വയസു പിന്നിട്ടവരും, ശാരീരിക വെല്ലുവിളി നേരിടുന്നവരുമായ വോട്ടർമാരുടെ (അസന്നിഹിത വോട്ടർമാർ) വിഭാഗത്തിലുള്ളവർ ആണ് വീടുകളിൽതന്നെ വോട്ട് ചെയ്തത്. ഈ രണ്ടുവിഭാഗങ്ങളിലുമായി 16,562 പേരാണ് വീട്ടിൽ വോട്ടിന് അപേക്ഷ നൽകിയിട്ടുള്ളത്. മാർച്ച് 30ന് ആരംഭിച്ച വീട്ടിൽ വോട്ട് ഏപ്രിൽ മൂന്നിന് (വെളളി) പൂർത്തിയാകും. ഒൻപതു മണ്ഡലങ്ങളിലായി 200 പോളിംഗ് സംഘങ്ങളെയാണ് അസന്നിഹിതരുടെ വോട്ടിംഗിനായി നിയോഗിച്ചിട്ടുള്ളത്.

കോട്ടയം

തിരഞ്ഞെടുപ്പിന് ഇനി ഏഴ് നാള്‍; എല്‍ഡിഎഫ്-യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതാന്‍ ഇനി ഏഴ് നാള്‍ മാത്രം ശേഷിക്കെ പ്രചാരണം കടുക്കുന്നു. തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കുക. കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍, മുന്നണിയിലെ മറ്റ് പ്രമുഖ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ക്ഷേമപെന്‍ഷനുകള്‍, ലൈഫ് മിഷന്‍, കെ. ഫോണ്‍ തുടങ്ങിയ പദ്ധതികളുടെ അടുത്ത ഘട്ട പ്രഖ്യാപനങ്ങള്‍ പത്രികയില്‍ ഉണ്ടായേക്കും. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ എന്നിവര്‍ ചേര്‍ന്ന് കൊച്ചിയിലെ ചടങ്ങിലാണ് യുഡിഎഫ് പ്രകടന പത്രിക പ്രകാശനം ചെയ്യുക. നിലവില്‍ യുഡിഎഫ് അവതരിപ്പിച്ച ഇന്ദിര ഗ്യാരണ്ടിക്ക് പുറമെ എന്ത് പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയില്‍ ഉണ്ടാവുക എന്നതാണ് ആകാംക്ഷ. അതേസമയം, കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ തിരുവനന്തപുരത്ത് എത്തുന്ന പ്രിയങ്ക ഗാന്ധി ചിറയിന്‍കീഴ് മണ്ഡലത്തില്‍ നടക്കുന്ന പൊതുയോഗത്തില്‍ പങ്കെടുക്കും. പിന്നീട് കൊല്ലത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രിയങ്ക പങ്കെടുക്കും. വൈകിട്ട് തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രിയങ്ക പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.

കോട്ടയം

കോട്ടയം ജില്ലയിൽ പോളിംഗ് ജോലിക്ക് 8608 ജീവനക്കാർ

കോട്ടയം ജില്ലയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ജോലികൾക്ക്  8608 ജീവനക്കാരെ നിയോഗിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഉത്തരവായി. രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെയാണ് പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം: പ്രിസൈഡിംഗ് ഓഫീസർമാർ -2152, ഫസ്റ്റ് പോളിംഗ് ഓഫീസർമാർ - 2152, പോളിംഗ് ഓഫീസർ -4304. ഇവരെ ജോലിക്ക് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ  തെരഞ്ഞെടുപ്പ് കമ്മിഷന്റെ https://www.order.ceo.kerala.gov.in എന്ന സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഫീസ് മേധാവികൾ ഉത്തരവ് ഡൗൺലോഡ് ചെയ്ത് ജീവനക്കാർക്കു കൈമാറണമെന്ന് കളക്ടർ അറിയിച്ചു.   ആദ്യഘട്ട റാൻഡമൈസേഷനിൽ ആവശ്യമുള്ളതിനേക്കാൾ 45 ശതമാനം പേരെ കൂടുതലായി ഉൾപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. 10404 പേരാണ് പട്ടികയിലുണ്ടായിരുന്നത്. രണ്ടാം ഘട്ടത്തിൽ ഇതിൽ 25 ശതമാനം പേരെ ഒഴിവാക്കി. ഓർഡർ സോഫ്റ്റ്‌വെയർ മുഖേന വിവരങ്ങൾ ശേഖരിച്ചാണ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുത്തത്. രണ്ടാം ഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ ഉദ്യോഗസ്ഥർക്കും നിയോജകമണ്ഡലം തലങ്ങളിൽ മാർച്ച് 31 മുതൽ പരിശീലനം ആരംഭിക്കും. കളക്‌ട്രേറ്റിൽ നടന്ന രണ്ടാംഘട്ട റാൻഡമൈസേഷനിൽ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകരായ രഞ്ജിത്കുമാർ സിൻഹ, എസ്. ജയന്തി, എച്ച്.എൻ. ഗോപാൽ കൃഷ്ണ, പോലീസ് നിരീക്ഷകൻ ഷാനവാസ് കാസിം, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ലിറ്റി ജോസഫ്, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ സുനിത ജേക്കബ്, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ.ആർ. ധനേഷ്, വരണാധികാരികൾ എന്നിവർ പങ്കെടുത്തു.

കോട്ടയം

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പര്യടനം.

തിരുവനന്തപുരം: കേരളം വിധിയെഴുതാൻ പത്തുനാൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്. മുന്നണികൾ തമ്മിലുള്ള വാക്പോരും ആരോപണ പ്രത്യാരോപണങ്ങളും മുറുകുന്നതോടെ രാഷ്ട്രീയ കേരളം അത്യന്തം ആവേശകരമായ പോരാട്ടത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. യുഡിഎഫ് ക്യാമ്പുകൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് അദ്ദേഹത്തിന്റെ ഇന്നത്തെ പര്യടനം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് ഉൾപ്പെടെയുള്ള വേദികളിൽ നടത്തിയ രാഷ്ട്രീയ കടന്നാക്രമണങ്ങൾക്ക് രാഹുൽ ഗാന്ധി ഇന്ന് എന്ത് മറുപടി നൽകും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. രാഹുലിന് പിന്നാലെ പ്രിയങ്ക ഗാന്ധിയും വരും ദിവസങ്ങളിൽ പ്രചാരണത്തിനായി എത്തും. അതേസമയം, ഇടതുമുന്നണിയുടെ പ്രചാരണത്തിന് കരുത്തുപകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൊല്ലം ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 10 മണിക്ക് വാർത്താ സമ്മേളനത്തിന് ശേഷം ചവറയിൽ അദ്ദേഹം പ്രചാരണത്തിന് തുടക്കമിടും. വൈകുന്നേരം കൊല്ലം, കൊട്ടാരക്കര, ചടയമംഗലം മണ്ഡലങ്ങളിലും അദ്ദേഹം പ്രസംഗിക്കും.വികസന കാര്യത്തിൽ പരസ്യ സംവാദത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉയർത്തിയ വെല്ലുവിളിക്ക് മുഖ്യമന്ത്രി ഇന്ന് മറുപടി നൽകിയേക്കും.