വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ബസ് വൈകി; യാത്രക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

കോട്ടയം : ബുക്ക് ചെയ്ത ബസ് വൈകിയതിനേത്തുടര്‍ന്ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനത്തില്‍ 8,000 രൂപയും നല്‍കാനാണ് അഡ്വ. വി.എസ്. മനുലാല്‍ അധ്യക്ഷനും അഡ്വ. ആര്‍. ബിന്ദു,കെ.എം. ആന്റോ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മീഷന്‍ ഉത്തരവിട്ടത്. 2024 ജനുവരി 31ന് രാത്രി എട്ടിന് ബെംഗളൂരുവില്‍ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസില്‍ ചങ്ങനാശേരിയിലെ താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് മുഖേനയാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.വൈകി പുറപ്പെട്ട ബസ് കൃഷ്ണഗിരിയില്‍വെച്ച് തകരാറിലായി. പകരം ഏര്‍പ്പെടുത്തിയ ബസ് തൃപ്പൂണിത്തുറയില്‍ വെച്ചും തകരാറിലായി. രാവിലെ 10ന് ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്കാണ് ചങ്ങനാശേരിയിലെത്താനായത്. തുടര്‍ന്ന് ബസ് സര്‍വീസ് ഉടമകളായ ജയ് സായി റോഡ് ലിങ്ക്സിനെ ഒന്നാം കക്ഷിയായും താജ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിനെ രണ്ടാം കക്ഷിയായും ചേര്‍ത്ത് ജേക്കബ് ഉപഭോക്തൃകോടതിയില്‍ പരാതി നല്‍കുകയായിരുന്നു

കോട്ടയം

സെൻസസ്; പരിശീലന പരിപാടിക്ക് തുടക്കമായി

കോട്ടയം: സെൻസസ് 2027മായി ബന്ധപ്പെട്ട പരിശീലന പരിപാടിക്ക് കോട്ടയം ജില്ലയിൽ തുടക്കം കുറിച്ചു.  കളക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ  ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഉദ്ഘാടനം നിർവഹിച്ചു. അഡീഷണൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ലിറ്റി ജോസഫും സന്നിഹിതയായിരുന്നു. ജില്ലയിലെ സെൻസസ് ഓഫീസർമാർ, അഡീഷണൽ സെൻസസ് ഓഫീസർമാർ, ടെക്‌നിക്കൽ വിഭാഗം ജീവനക്കാർ, ക്ലർക്കുമാർ തുടങ്ങിയവരാണ് രണ്ടു ബാച്ചുകളിലായി നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നത്. രണ്ടാം ഘട്ട പരിശീലനം 23ന് തുടങ്ങും.   വീടുകളുടെ പട്ടിക തയ്യാറാക്കലും വീടുകളുടെ സെൻസസുമാണ് നടപടികളുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുന്നത്. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ വിവര ശേഖരണം നടത്തുന്ന രാജ്യത്തെ ആദ്യത്തെ സെൻസസാണിത്. പ്രാരംഭ ഘട്ട മാപ്പിംഗ് നടപടികൾ മേയ് ആദ്യ ആഴ്ച്ചയോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജൂൺ മുതൽ പൊതുജനങ്ങൾക്ക് സെൽഫ് എന്യൂമറേഷന് അവസരം നൽകും.  ജൂലൈ ഒന്നു മുതലാണ് എന്യൂമറേറ്റർമാർ നേരിട്ട് എത്തി വിവരശേഖരണം നടത്തുന്നത്.  

കോട്ടയം

ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കോട്ടയം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2026 വർഷത്തേക്ക് ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട  തീർത്ഥാടകർക്കുള്ള അവസാന ഘട്ടസാങ്കേതിക പഠന പരിശീലന ക്ലാസും യാത്രയയപ്പും കോട്ടയം കുമ്മനം ഹനഫീ ജമാ അത്ത് ഓഡിറ്റോറിയത്തിൽ പ്രൗഢമായി സംഘടിപ്പിക്കപ്പെട്ടു.   മൂന്നാം ഘട്ട ഹജ്ജ് സാങ്കേതിക പഠന പരിശീലന ക്ലാസ് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഹാജി പി ഇ മുഹമ്മദ് സക്കീർ ഉദ്ഘാടനം നിർവഹിച്ചു.  കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി കോട്ടയം ജില്ല അസിസ്റ്റൻറ് ടെയിനിംഗ് ഓർഗനൈസർ കമറുദ്ദീൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ച സദസ്സിൽ അൽതാഫ് ഖിറാഅത്ത് അവതരിപ്പിച്ചു. കോട്ടയം ടൗൺ മസ്ജിദ് ഇമാം താഹാ മൗലവിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച  സംഗമത്തിൽ മണ്ഡലം ട്രെയിനർ നജീബ് കല്ലുങ്കൽ സ്വാഗതം ആശംസിച്ചു.  കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ മെമ്പർ മുസമ്മിൽ ഹാജി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉ ലമ സെക്രട്ടറി മുഹമ്മദ് നദീർ മൗലവി ,കുമ്മനം ജമാഅത്ത് ഇമാം മുഹമ്മദ് ഷാഫി നജ്മി അൽകാശി ഫി, ജമാ അത്ത് സെക്രട്ടറി സാദിഖ് എന്നിവർ മുഖ്യാതിഥികൾ ആയിരിന്നു.ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസുകൾക്ക് സ്റ്റേറ്റ് ഫാക്കൽറ്റി ഷാജഹാൻ നേതൃത്വം നൽകി. സംഗമത്തിൽ മണ്ഡലം,ഫീൽഡ് ട്രെയിനർമാർ സംസാരിച്ചു.   കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ഈരാറ്റുപേട്ട മണ്ഡലം ട്രെയിനിങ് ഓർഗനൈസർ വി.ടി ഹബീബ് നന്ദി അറിയിച്ചു. സംഗമത്തിൽ ജില്ലാ ടെയിനിംഗ് ഓർഗനൈസർ ഷിഹാബ് പുതുപറമ്പിൽ മണ്ഡലം ട്രെയിനർമാരായ അജി കെ മുഹമ്മദ് , സഫറുള്ള ഖാൻ, റഫീഖ് അമ്പഴത്തിനാൽ,, മാഹിൻ പാറയിൽ, ശമ്മാസ് സലാം, , മിസ്ബാഹ് ഖാൻ, നാസർ പി എ, സദറുൽ അനാം, സിയാദ് ഖാലിദ്, അൽത്താഫ് സലാം, അബൂബക്കർ വി എം, ഫസീല കെ എം, എന്നിവരും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ട  തീർത്ഥാടകരും സ്റ്റേറ്റ് ഹജ്ജ്ഇൻസ്പെക്ടർമാരായ യൂനുസ് മീരാൻ, റസൽ, ഹാഷിം, എന്നിവരും പങ്കെടുത്തു.

കോട്ടയം

പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം സ്വദേശി റൈഗൺ ജോർജ് ആണ് മരിച്ചത്

രാമപുരം: പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം സ്വദേശി റൈഗൺ ജോർജ് ആണ് മരിച്ചത്. ഇന്ന് രാത്രി 1 മണിയോടെയായിരുന്നു അപകടം നടന്നത്.ഏരിമറ്റം ജംഗ്ഷന് സമീപം നിയന്ത്രണം വിട്ട വാഹനം അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വാഹനം ഓടിച്ചയാൾ ഉറങ്ങിപ്പോയതാകാമെന്നാണ് സംശയം ഉയരുന്നത്.അപകടസമയത്ത് റൈഗൺ ജോർജ് വാഹനത്തിന്റെ പിൻസീറ്റിൽ കിടക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ഗുരുതരമായി പരിക്കേറ്റ റൈഗണിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ രാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.  

കോട്ടയം

കെഴുവങ്കുളത്തേ ഹോസ്റ്റലിൽ മരിച്ച വനിതാ ഡോക്ടറുടെ മൃത സംസ്ക്കാരം ഇന്ന്

കോട്ടയം : പാലാ ചേർപ്പുങ്കലിലെ മാർ സ്ലീവാ മെഡിസിറ്റി ആശുപത്രിയിലെ സീനിയർ മെഡിക്കൽ ഓഫിസറായ യുവതിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി... പത്തനംതിട്ട ഉള്ളന്നൂർ പാറയിരുക്കുന്നതിൽ പടിഞ്ഞാറ്റേതിൽ സുബിൻ പി. വർഗീസിന്റെ ഭാര്യ ഷേബ റേയ്ച്ചൽ (ലക്ഷ്മി ആർ പണിക്കർ - 30 ) ആണ് മരിച്ചത്. ഷേബ താമസിക്കുന്ന കെഴുവംകുളത്തെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.  ഹോസ്റ്റൽ മുറി അകത്തു നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ​കോന്നി ഇ.എം.എസ് ചാരിറ്റബിൾ സൊസൈറ്റി ഭരണസമിതി അംഗം വി രംഗനാഥിന്റെയും റിട്ട. തഹസീൽദാർ സതിയമ്മയുടെയും മകളാണ് ഡോ. ഷേബ ( ലക്ഷ്മി ആർ പണിക്കർ). മൃതദേഹം ഇന്ന് ഏപ്രിൽ 20 തിങ്കൾ രാവിലെ 8.30 ന് പത്തനംതിട്ട വലഞ്ചുഴിയിലുള്ള സ്വന്തം വീട്ടിൽ കൊണ്ടുവരും. തുടർന്ന് 9.45 ന് കുളനടയിലുള്ള ഭർതൃ വസതിയിലേക്ക് കൊണ്ടുപോകും. സംസ്കാരം തിങ്കളാഴ്ച (20-04-2026) ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിൽ ആരംഭിച്ച്, രണ്ട് മണിക്ക് ഉള്ളന്നൂർ സെൻ്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും . (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

കോട്ടയം

ഒരുവട്ടം കൂടി .... പഴയ ചിരിയും കളിയുമായി പഴയ പത്താം ക്ലാസുകാർ അര നൂറ്റാണ്ടുകൾക്ക് ശേഷം അവർ ഒന്നിച്ചു

മേലുകാവ് : സിഎംഎസ് ഹൈസ്കൂൾ 1976-77 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ 50 വർഷത്തിനുശേഷം വീണ്ടും ഒരുമിച്ചു.അന്ന് പരീക്ഷ എഴുതിയ 86 വിദ്യാർത്ഥികളിൽ 16-ഓളം പേർ മരണപ്പെട്ടു. എങ്കിലും പലയിടത്തു നിന്നുമായി ഏറെ കഷ്ടപ്പെട്ട് അറുപതോളം പേരെ കണ്ടെത്തി. കൂടി കാഴ്ചയിൽ അനുഭവങ്ങൾ പങ്കിട്ടും, വീണ്ടും പരിചയപ്പെടുത്തിയും കലാവിരുന്നുകൾ അവതരിപ്പിച്ചും അവർ ഓർമ്മകൾ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇവർ ആദ്യ കൂട്ടായ്മ ചേർന്നത് മുട്ടം റൈഫിൾ ക്ലബ്ബിലായിരുന്നു.   ജോൺസൺ ജോസഫ്, എൻ.സി.ജോസഫ്, നോബിൾ വി.എച്ച്, തോമസ് എ.റ്റി, കെ.കെ ഫിലിപ്പ് , രാജമ്മ തേക്കുംകാട്ടിൽ എന്നിവർ നേതൃത്വം നൽകി.

കോട്ടയം

എരുമേലിയിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞു; അഞ്ച് ശബരിമല തീർഥാടകർക്ക് പരിക്ക്

എരുമേലി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാലക്കുടി സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിലെ കരിങ്കൽക്കെട്ടിലിടിച്ച് മറിഞ്ഞു. എരുമേലി -പമ്പാ സംസ്ഥാന പാതയിലെ കരിങ്കല്ലുംമൂഴി ഇറക്കത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.10-ഓടെയാണ് അപകടം നടന്നത്. ചാലക്കുടി സ്വദേശികളായ ജയലക്ഷ്മി, രതീഷ് , വിസ്മയ , അവിനാശ് , അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രതീഷിനും അവിനാശിനും കാലിന് ഒടിവ് സംഭവിക്കുകയും ജയലക്ഷ്മിയുടെ തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അപകടം നടന്നയുടൻതന്നെ അതുവഴിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എക്സ്റേ ഉൾപ്പെടെയുള്ള വിദഗ്ധ ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം

മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ഇ-ചെലാൻ മെഗാ അദാലത്ത്

കോട്ടയം : മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ കോട്ടയം ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ-ചെലാൻ മെഗാ അദാലത്ത് നടത്തുന്നു. ഈ ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചു വരെ കോട്ടയം ആർ ടി ഓഫീസിലും, കോട്ടയം എൻഫോഴ്സ്മെന്റ് ആർ ടി ഓഫീസിലും ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, വൈക്കം, ഉഴവൂർ സബ് ആർ ടി ഓഫീസുകളിലുമാണ് മെഗാ അദാലത്ത്.2024 ഡിസംബർ 31 വരെ ഇചെലാൻ നിലവിലുള്ള വാഹനങ്ങൾക്ക് ഇ ചെലാന്റെ 50 ശതമാനം തുക അടച്ച് തീർപ്പാക്കാം. ചെലാൻ അടക്കാതെ കോടതിയിലേയ്ക്ക് പോയ കേസുകളിലും ഈ സേവനം പ്രയോജനപ്പെടുത്താം. സംസ്ഥാന സർക്കാരിന്റെ വൺ ടൈം ആംനെസ്റ്റി സ്കീം മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ അവസാന തീയതി 2026 ഏപ്രിൽ 30 ആണ്. വാഹന ഉടമകൾ ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് കോട്ടയം ആർ ടി ഒ അറിയിച്ചു.