വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

പ്ലാസ്റ്റിക് പതാകകൾ പാടില്ല: സ്വാതന്ത്ര്യ ദിനാഘോഷം 2025; മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കുള്ള ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം എല്ലാ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ ആഘോഷങ്ങളിൽ നിർബന്ധമായും പങ്കെടുക്കണം. പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾക്ക് സംസ്ഥാനത്ത് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്രധാന നിർദ്ദേശങ്ങൾ സംസ്ഥാനതലം: തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പതാക ഉയർത്തും. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെ പരേഡ്, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം, മെഡൽ വിതരണം എന്നിവ നടക്കും. ജില്ലാതലം: ജില്ലാ ആസ്ഥാനങ്ങളിൽ സംസ്ഥാന മന്ത്രിസഭാംഗങ്ങൾ രാവിലെ 9 മണിക്കോ അതിന് ശേഷമോ പതാക ഉയർത്തും. മറ്റ് സ്ഥാപനങ്ങൾ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപന മേധാവികൾ രാവിലെ 9 മണിക്ക് ശേഷം പതാക ഉയർത്തണം. പൊതു നിർദ്ദേശങ്ങൾ  ദേശീയ പതാക ഉയർത്തുമ്പോൾ 2002-ലെ പതാക നിയമം കർശനമായി പാലിക്കണം. ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണം. ആഘോഷങ്ങളിലുടനീളം ഹരിത പ്രോട്ടോക്കോൾ പാലിക്കണമെന്നും പ്ലാസ്റ്റിക് പതാകകളുടെ നിർമ്മാണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ പൂർണ്ണമായും നിരോധിച്ചതായും സർക്കുലറിൽ വ്യക്തമാക്കുന്നു.എല്ലാ വകുപ്പ് മേധാവികളും ജില്ലാ കളക്ടർമാരും നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സർക്കാർ അറിയിച്ചു.

പ്രാദേശികം

മേലമ്പാറയിൽ പിക്കപ്പ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്

പാലാ ഈരാറ്റുപേട്ട റൂട്ടിൽ അമ്പാറയിൽ നിയന്ത്രണം വിട്ട പിക്കപ്പ് മറിഞ്ഞ് അപകടം. വാഹനത്തിനടിയിൽപ്പെട്ട ഡ്രൈവറെ നാട്ടുകാർ ചേർന്ന് പിക്കപ്പ് ഉയർത്തി ആശുപത്രിയിലേക്ക് മാറ്റി. രാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഈരാറ്റുപേട്ട തെക്കേക്കര സ്വദേശിയായ അമീൻ ആണ് പരിക്കേറ്റത്. അമീനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വിദ്യാഭ്യാസം

വാറണ്ടി കാലയളവിൽ സേവനം നിഷേധിച്ചു, വൺപ്ലസ് കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ

പാലാ: വാറണ്ടി കാലയളവിൽ കേടായ ടി.വി. നന്നാക്കി നൽകാതിരുന്നതിന് വൺപ്ലസ് കമ്പനിക്ക് പിഴ ചുമത്തി കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പാലാ സ്വദേശി ആഷ്മി ജോസ് കുരിശിങ്കൽ നൽകിയ പരാതിയിലാണ് ഉത്തരവ്. 30 ദിവസത്തിനുള്ളിൽ ടി.വി. പ്രവർത്തനക്ഷമമാക്കി നൽകുകയും സേവന വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി 10,000 രൂപ നൽകുകയും ചെയ്യണം. ടെലിവിഷൻ പ്രവർത്തനക്ഷമമാക്കുവാൻ കാലതാമസം വരുത്തിയാൽ ഉത്തരവ് ഇറങ്ങിയ തീയതി മുതൽ ടെലിവിഷൻ പ്രവർത്തനക്ഷമമാക്കി നൽകുന്നതുവരെ പ്രതിവർഷം 15,000 രൂപ ഒൻപത് ശതമാനം പലിശയോടുകൂടി പരാതിക്കാരിക്ക് നൽകണം. നഷ്ടപരിഹാര തുക നൽകുന്നതിൽ കാലതാമസം വരുത്തിയാൽ പ്രതിവർഷം തുകയുടെ ഒൻപത് ശതമാനം പലിശയോടുകൂടി പരാതിക്കാരിക്ക് നൽകണമെന്ന് കമ്മീഷൻ കമ്പനിയോട് നിർദ്ദേശിച്ച് ഉത്തരവായി. പരാതിക്കാരിക്ക് വേണ്ടി അഡ്വ. മാണി ജോസ് മുണ്ടത്താനവും അഡ്വ. ക്രിസ്റ്റി തോമസ് പുളിക്കിയിലും ഹാജരായി. 2022 സെപ്റ്റംബർ 26ന് ആമസോൺ ഓൺലൈനിൽ നിന്ന് 30,000 രൂപയ്ക്ക് രണ്ടുവർഷ വാറണ്ടിയുള്ള വൺപ്ലസ് കമ്പനിയുടെ ടി.വി. വാങ്ങിയത്. 2024 ൽ വാറണ്ടി നിലനിൽക്കെ ടിവി തകരാറിലായി. ഇത് കമ്പനിയെ അറിയിച്ചെങ്കിലും കമ്പനി തകരാർ പരിഹരിച്ച് നൽകാത്തതിനെ തുടർന്നാണ് വക്കീൽ മുഖേന കോട്ടയം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷന്റെ പാലാ ക്യാമ്പ് സിറ്റിങ്ങിൽ പരാതി നൽകിയത്. പരാതി വിശദമായി പരിശോധിച്ച ശ്രീ. മനുലാൽ വി.എസ്. പ്രസിഡന്റും ശ്രീമതി. ബിന്ദു ആർ, ശ്രീ. കെ. എം. ആന്റോ എന്നിവർ അംഗങ്ങളുമായിട്ടുള്ള കോട്ടയം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ വാറണ്ടി പീരിയഡിൽ നൽകേണ്ട സേവനം വൺപ്ലസ് കമ്പനി നൽകിയിട്ടില്ലെന്ന് കണ്ടെത്തി ഉത്തരവിടുകയായിരുന്നു.

പ്രാദേശികം

വോട്ട് ചോരി: ഈരാറ്റുപേട്ടയിൽ കോൺഗ്രസ് പ്രതിഷേധം

ഈരാറ്റുപേട്ട: പതിറ്റാണ്ടുകളായി കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ചു വരുന്ന രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ അടിവേരായ തെരഞ്ഞെടുപ്പ് സംവിധാനത്തെ, വോട്ടർപട്ടിക അട്ടിമറിച്ച് അധികാരം നിലനിർത്തുന്ന നരേന്ദ്ര മോദി സർക്കാരിനെതിരെ രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് പിന്തുണയർപ്പിച്ച് ബ്ലോക്ക്കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ പ്രകടനം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം തോമസ് കല്ലാടൻ, ജോർജ് ജേക്കബ്, അഡ്വ. മുഹമ്മദ് ഇല്ല്യാസ്, പി.എച്ച്. നൗഷാദ്, വർക്കിച്ചൻ വയമ്പോത്തനാൽ, അനസ് നാസർ, റോജി തോമസ്, റോയി തുരുത്തേൽ, കെ.സി. ജയിംസ്, ഹരി മണ്ണ് മഠം, എബി തോമസ്, എന്നിവർ നേതൃത്വം നൽകി.

കോട്ടയം

എഐവൈഎഫ് പ്രതിഷേധിച്ചു

കോട്ടയം: തെരഞ്ഞെടുപ്പുകളിലെ ക്രമക്കേടുകള്‍ക്കെതിരെയും വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ചോദ്യം ചെയ്ത എംപിമാരെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് എഐവൈഎഫ് ജില്ലാ കമ്മറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. സിപിഐ ജില്ലാ കൗണ്‍സിലംഗം ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, ബിനു ബോസ്, സന്തോഷ് കേശവനാഥ്, എൻ എൻ വിനോദ്, അജിത്ത് വാഴൂർ, നന്ദു ജോസഫ്, നിഖിൽ ബാബു, സന്തോഷ് കൃഷ്ണൻ, അഖിൽ കെ യു, ദീപുരാജൻ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടയം

ചേതൻ കുമാർ മീണ കോട്ടയം ജില്ലാ കളക്ടറായി ബുധനാഴ്ച ചുമതലയേൽക്കും

കോട്ടയം ജില്ലയുടെ അൻപതാമത് കളക്ട‌റായി ചേതൻ കുമാർ മീണ ബുധനാഴ്ച (ഓഗസ്റ്റ് 13) രാവിലെ ചുമതലയേൽക്കും. രാവിലെ 10.00ന് കളക്ട്രേറ്റിലെത്തുന്ന അദ്ദേഹത്തിന് സ്ഥാനമൊഴിയുന്ന ജില്ലാ കളക്‌ടർ ജോൺ വി. സാമുവൽ ചുമതല കൈമാറും. ന്യൂഡൽഹി കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മിഷണർ ചുമതല നിർവഹിച്ചുവരികയായിരുന്നു ചേതൻ കുമാർ മീണ.

പ്രാദേശികം

അരുവിത്തുറ കോളേജിൽ ടെക്ക്ടൈഡ് ലോക യുവജന ദിനാഘോഷം

അരുവിത്തുറ :അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൽ സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ടെക്ക് ടൈഡ് ലോക യുവജന ദിനാഘോഷം സംഘടിപ്പിച്ചു.ആഘോഷങ്ങൾ കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു.മീനച്ചിൽ താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി പാനൽ അഭിഭാഷകൻ അഡ്വ.തോമസ് ജോസഫ് തൂങ്കുഴി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സെൽഫ്ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി അധ്യാപകരായ ബിനോയ് .സി ജോർജ് ,ജിയോ ജോസ് എന്നിവരും സംസാരിച്ചു.

പ്രാദേശികം

'ഗിഫ്‌റ്റോണം 2K25 ' ലോഗോ പ്രകാശനം

ഈരാറ്റുപേട്ട ; മൊബൈൽ RETAILERS അസോസിയേഷൻ (MRRA) ഈരാറ്റുപേട്ട യൂണിറ്റ് ആഭിമുഖ്യത്തിൽ  ഓണം നടത്തപ്പെടുന്ന    'ഗിഫ്‌റ്റോണം 2K25 ' ലോഗോ പ്രകാശനം   വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്‌  AMA ഖാദർ നിർവഹിച്ചു,ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് ഈ ഗിഫ്‌റ്റോണം പരുപാടി നടത്തുന്നത് , ഒന്നാം സമ്മാനം  ഇലക്ട്രിക് ബൈക്കും രണ്ടാം സമ്മാനം റഫ്രിജിറേറ്റർ 7 പേർക്ക് വാഷിംഗ്‌ മെഷീൻ 8 പേർക്ക് സ്മാർട്ട്‌ TV തുടങ്ങി  നൂറുകണക്കിന് സമ്മാനങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു,ഒക്ടോബർ 16 നാണ് മെഗാ നറുക്കെടുപ്പ് നടക്കുക, യോഗത്തിൽ  MRRA ഈരാറ്റുപേട്ട യൂണിറ്റ്  പ്രസിഡന്റ്‌  ഷെഫിൻ അധ്യക്ഷത വഹിച്ചു, വ്യാപാരി യൂത്ത് വിംഗ് ജനറൽ സെക്ടറി റയീസ്, MRRA രക്ഷാധികാരി ഹാരിസ് വെളിയത്ത്,MRRA യൂണിറ്റ് ജനറൽ സെക്ടറി അമീൻ പി എം, ഭാരവാഹികളായ നൈസ്,സെഫി, നാസിം,റിയാസ്, നൗഫൽ,അജിത്,ജിബിൻ,അനുരാജ്, ജോബിൻ തുടങ്ങിയവർ പങ്കെടുത്തു.