കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എല്‍ഡിഎഫിലെ എ.എന്‍.ഷംസീറിനെ തിരഞ്ഞെടുത്തു.
തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി എല്‍ഡിഎഫിലെ എ.എന്‍.ഷംസീറിനെ തിരഞ്ഞെടുത്തു. നിയമസഭയില്‍ നടന്ന വോട്ടെടുപ്പില്‍ യുഎഡിഎഫിലെ അന്‍വര്‍ സാദത്തിനെ പരാജയപ്പെടുത്തിയാണ് ഷംസീര്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഷംസീറിന് 96 വോട്ടും അന്‍വര്‍ സാദത്തിന് 40 വോട്ടും ലഭിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ അധ്യക്ഷതിയിലായിരുന്നു വോട്ടെടുപ്പ് നടപടികള്‍. കേരള നിയമസഭയുടെ 24-ാം സ്പീക്കറായിട്ടാണ് ഷംസീര്‍ ചുമതലയേറ്റത്. തിരഞ്ഞെടുക്കപ്പെട്ട ശേഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചേര്‍ന്ന് ഷംസീറിനെ സ്പീക്കര്‍ ചെയറിലേക്ക് ആനയിച്ചു. എം.ബി.രാജേഷ് മന്ത്രിയായ ഒഴിവിലേക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്. തലശ്ശേരി മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി രണ്ടുതവണ എം.എല്‍.എ.യായ എ.എന്‍. ഷംസീര്‍ കണ്ണൂരില്‍ നിന്നുള്ള ആദ്യ സ്പീക്കറാണ്. വിദ്യാര്‍ഥിസംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. കോടിയേരി ബാലകൃഷ്ണന്‍ അഞ്ചുതവണ എം.എല്‍.എ.യായ തലശ്ശേരിമണ്ഡലം ഷംസീറിന് കൈമാറുകയായിരുന്നു. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം സ്വന്തമാക്കി. 36,801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എം.എല്‍.എ.യായത്. കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ പ്രഥമ ചെയര്‍മാനായിരുന്നു. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഗവ. ബ്രണ്ണന്‍ കോളേജില്‍നിന്ന് ഫിലോസഫി ബിരുദവും കണ്ണൂര്‍ സര്‍വകലാശാല പാലയാട് കാമ്പസില്‍നിന്ന് നരവംശശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടി.പാലയാട് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍നിന്ന് എല്‍എല്‍.ബി.യും എല്‍എല്‍.എമ്മും പൂര്‍ത്തിയാക്കി. പ്രൊഫഷണല്‍ കോളേജ് പ്രവേശന കൗണ്‍സിലിങ്ങിനെതിരേ നടന്ന സമരത്തെത്തുടര്‍ന്ന് 94 ദിവസം റിമാന്‍ഡിലായി. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്ററിലെത്തുന്ന അര്‍ബുദരോഗികളുടെ സഹായത്തിനായി പ്രവര്‍ത്തിക്കുന്ന ആശ്രയ ചാരിറ്റബിള്‍ സൊസൈറ്റി വര്‍ക്കിങ് ചെയര്‍മാനാണ്. കോടിയേരി മാടപ്പീടികയ്ക്കുസമീപം എക്കണ്ടി നടുവിലേരിയിലെ റിട്ട. സീമാന്‍ പരേതനായ കോമത്ത് ഉസ്മാന്റെയും എ.എന്‍. സറീനയുടെയും മകനാണ്. ഭാര്യ: ഡോ. പി.എം. സഹല (കണ്ണൂര്‍ സര്‍വകലാശാല ഗസ്റ്റ് അധ്യാപിക). മകന്‍: ഇസാന്‍.