വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

ജനറൽ

ഈ ഭക്ഷണങ്ങൾ ശീലമാക്കൂ; ഭാവിയിൽ ഡിമെൻഷ്യ സാധ്യത കുറയ്ക്കാം

കാലക്രമേണ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും തലച്ചോറിന്റെ വൈജ്ഞാനിക പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന രോ​ഗാവസ്ഥയാണ് ഡിമെൻഷ്യ. ഇത് പിടിപെടുന്നത് ആളുകൾക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ ഓർമ്മിക്കാനും ചിന്തിക്കാനും ബുദ്ധിമുട്ടാക്കുന്നു. ഒരാൾ പ്രായമാകുമ്പോൾ ഡിമെൻഷ്യ കൂടുതൽ സാധാരണമായിത്തീരുന്നു. ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ ആരോഗ്യ അവസ്ഥകളും വൈജ്ഞാനിക തകർച്ചയ്ക്ക് കാരണമായേക്കാം.   നല്ല പോഷകാഹാരം പരിശീലിക്കുന്നതും ധാരാളം ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നതും പ്രായമാകുമ്പോൾ ഡിമെൻഷ്യ, അൽഷിമേഴ്സ് രോഗം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ‌ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്. ' ഹൃദയത്തിന് നല്ല ഭക്ഷണക്രമം തലച്ചോറിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും മികച്ചതാണ്. ഈ രോഗത്തിലേക്ക് നയിച്ചേക്കാവുന്ന ചില അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാൻ ഭക്ഷണക്രമം സഹായിക്കുന്നു...' - കൺസൾട്ടിംഗ് ന്യൂട്രീഷനിസ്റ്റും ഡയറ്റീഷ്യനുമായ അസ്മ ആലം പറയുന്നു. ഡിമെൻഷ്യ സാധ്യത തടയാൻ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്... ബെറിപ്പഴങ്ങൾ... റാസ്‌ബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, ചെറി എന്നിവയിലെല്ലാം ആന്തോസയാനിൻ എന്ന ഫ്ലേവനോയിഡ് അടങ്ങിയിട്ടുണ്ട്. ഇതിൽ ആന്റിഓക്‌സിഡന്റുകളും ധാരാളം വിറ്റാമിനുകളും നിറഞ്ഞിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുന്നു. നട്സ്... ആരോഗ്യകരമായ കൊഴുപ്പുകൾ, മഗ്നീഷ്യം, വിറ്റാമിൻ ഇ, ബി വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് നട്സ്.  ഡിമെൻഷ്യയുടെ ലക്ഷണങ്ങളെ തടയുന്നതിന് നട്സ് സഹായിക്കുന്നു. വാൾനട്ടിലെ ആന്റി-ഇൻഫ്ലമേറ്ററി ഫൈറ്റോകെമിക്കലുകൾക്ക് മസ്തിഷ്ക കോശങ്ങളുടെ വീക്കം കുറയ്ക്കാനും പ്രായമാകൽ പ്രക്രിയയിലുടനീളം മികച്ച മസ്തിഷ്ക ആരോഗ്യം നിലനിർത്താനും കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. ഫ്ളാക്സ് സീഡുകൾ... ഫ്ളാക്സ് സീഡുകൾ, സൂര്യകാന്തി വിത്തുകൾ, അതുപോലെ മത്തങ്ങ വിത്തുകൾ എന്നിവയിൽ ആന്റിഓക്‌സിഡന്റുകളും സിങ്ക്, ഒമേഗ-3, സിങ്ക്, കോളിൻ, വിറ്റാമിൻ ഇ തുടങ്ങിയ അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അവ ബുദ്ധിശക്തി കുറയുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.  ഒമേഗ -3 ഫാറ്റി ആസിഡുകൾ... ഒലിവ് ഓയിൽ, ഫ്ളാക്സ് സീഡുകൾ, ട്യൂണ, സാൽമൺ, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ തലച്ചോറിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ഡിഎച്ച്എ ഉള്ള ഒമേഗ -3 ഫാറ്റി ആസിഡുകൾ കൂടുതലുള്ള ഭക്ഷണങ്ങളുടെ ഉദാഹരണങ്ങളാണ്. ഡിമെൻഷ്യയെ ചെറുക്കുന്നതിനും തടയുന്നതിനും ഒമേഗ-3 ഫലപ്രദമാണെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. നല്ല മസ്തിഷ്ക ആരോഗ്യം നേടുന്നതിന് പ്രതിദിനം 200 മില്ലിഗ്രാം ഡിഎച്ച്എ കഴിക്കാൻ ശുപാർശ ചെയ്യുന്നു. 

കേരളം

സംസ്ഥാനത്ത് നാളെ മഴ കനക്കും; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രിയുടെ അറിയിപ്പ്, 14 ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മഴ അതിശക്തമാകുമെന്ന കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനത്തിന് പിന്നാലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത്. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇതുപ്രകാരം നാളെ  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണുള്ളത്. ബാക്കിയുള്ള ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യപിച്ചിട്ടുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്. അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ ആ മുന്നറിയിപ്പുകളോട് സഹകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. എല്ലാ ജില്ലകളിലെയും ഐ ആർ എസ്  ഉദ്യോഗസ്ഥർ ജില്ലാ കളക്ടറുടെ മുൻ‌കൂറനുമതിയില്ലാതെ ജില്ല വിട്ട് പോകാൻ പാടുള്ളതല്ല. കേരളത്തിന്റെ തീരമേഖലയിൽ ശക്തമായ കാറ്റു വീശാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളം

പേവിഷബാധയേറ്റ് പന്ത്രണ്ടുവയസ്സുകാരി മരിച്ച സംഭവം; ധാർമിക ഉത്തരവാദിത്തം മന്ത്രി വീണ ജോർജിനെന്ന് ചെന്നിത്തല

തിരുവനന്തപുരം: പട്ടികടിയേറ്റ് പന്ത്രണ്ടുവയസ്സുകാരി മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പുമന്ത്രിക്കാണ് ധാർമിക ഉത്തരവാദിത്തമുള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി നിയമസഭയിൽത്തന്നെ പേവിഷ വാക്സിൻ്റെ ഗുണനിലവാരത്തിൽ സംശയം പ്രകടിപ്പിക്കുകയും ഗുണനിലവാരം പരിശോധിക്കാൻ സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നിട്ടുപോലും മന്ത്രി അത് ഗൗരവമായി എടുത്തില്ലെന്നു വേണം കരുതാൻ. ഇക്കാര്യത്തിൽ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരവീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. കുട്ടിയുടെ കുടുംബത്തിനു 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. ഇനിയെങ്കിലും ഇത്തരം ദാരുണസംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി എടുക്കണം. കടിയേറ്റശേഷം മൂന്നു വാക്സിൻ എടുത്തിട്ടും ജീവൻ രക്ഷിക്കാനാവാത്തത് വാക്സിൻ്റെ ഗുണനിലവാരത്തിൽ സംശയം ജനിപ്പിക്കുന്നതാണ്. സ്വന്തം ജില്ലയായിട്ടും സംഭവം മന്ത്രി ഗൗരവമായി എടുത്തില്ലെന്നാണ് ചെന്നിത്തലയുടെ ആരോപണം.

ഇൻഡ്യ

ചെന്നൈ സൂപ്പർ കിംഗ്സിനെ അടുത്ത സീസണിലും ധോണി തന്നെ നയിക്കുമെന്ന് റിപ്പോർട്ട്

അടുത്ത സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനെ എംഎസ് ധോണി തന്നെ നയിക്കുമെന്ന് റിപ്പോർട്ട്. ചെന്നൈ സൂപ്പർ കിംഗ്സ് സിഇഒ കാശി വിശ്വനാഥനെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 42കാരനായ ധോണി കഴിഞ്ഞ സീസണിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെങ്കിലും പകരം നായകനായ രവീന്ദ്ര ജഡേജയുടെ കീഴിൽ ടീം മോശം പ്രകടനം കാഴ്ചവച്ചതിനെ തുടർന്ന് സീസൺ മധ്യത്തിൽ ജഡേജയെ നീക്കി വീണ്ടും ധോണിയെ ക്യാപ്റ്റനാക്കിയിരുന്നു. ഇത് ജഡേജയും ചെന്നൈയും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നും റിപ്പോർട്ടുണ്ട്. ജഡേജ ചെന്നൈ സൂപ്പർ കിംഗ്സ് വിടുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. ചെന്നൈ മാനേജ്മെൻ്റും ജഡേജയും തമ്മിലുള്ള ബന്ധം വഷളാവുകയാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ സീസണിൽ ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയെങ്കിലും ടീമിൻ്റെ മോശം പ്രകടനങ്ങളെ തുടർന്ന് എംഎസ് ധോണിയെത്തന്നെ വീണ്ടും നായകനാക്കി നിയമിച്ചു. തുടർന്ന് പരുക്കേറ്റതിനാൽ ജഡേജ ചെന്നൈ വിടുകയും ചെയ്തു. ക്യാപ്റ്റൻസി ചുമതലയിൽ നിന്ന് മാറ്റിയത് ജഡേജയ്ക്ക് ഏറെ വിഷമമുണ്ടാക്കിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജഡേജ ഇതിൽ അപമാനിതനായി. അടുത്തിടെ ചെന്നൈ സൂപ്പർ കിംഗ്സുമായി ബന്ധപ്പെട്ട എല്ലാ ഇൻസ്റ്റഗ്രാം പോസ്റ്റുകളും ജഡേജ നീക്കി. ഈ ചർച്ചയിൽ, ജഡേജയുമായി ഒരു പ്രശ്നവുമില്ലെന്നാണ് മാനേജ്മെൻ്റ് നിലപാടെടുത്തത്. കഴിഞ്ഞ ആഴ്ച ചെന്നൈ സൂപ്പർ കിംഗ്സ് പങ്കുവച്ച ഒരു പോസ്റ്റിൽ ജഡേജ റിപ്ലേ ചെയ്തെങ്കിലും ഉടൻ ഇത് ഡിലീറ്റ് ചെയ്തു. ഐപിഎൽ കഴിഞ്ഞതിന് ശേഷം ചെന്നൈ നേതൃത്വവുമായി ജഡേജ ഒരുതരത്തിലും ബന്ധപ്പെടുന്നില്ല എന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു.

കേരളം

വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത്; ബംഗ്ലാദേശ് പൗരൻ കൊച്ചിയിൽ അറസ്റ്റിൽ

കൊച്ചി; വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് മനുഷ്യക്കടത്ത് നടത്തുന്ന ബംഗ്ലാദേശ് പൗരനെ പൊലീസ് അറസ്റ്റിൽ. ബംഗ്ലാദേശ് ചിറ്റഗോഗ് സ്വദേശി മുഹമ്മദ് അബ്ദുൾ ഷുക്കൂർ (32)നെയാണ് എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് പിടികൂടിയത്. മംഗലാപുരം വിമാനത്താവളത്തിൽ നിന്നുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അബ്ദുൾ ഷുക്കൂറിൽ നിന്ന് വ്യാജ പാസ്പോർട്ട്, പാൻകാർഡ്, ആധാർ കാർഡ്, ബാങ്ക് രേഖകൾ എന്നിവ കണ്ടെടുത്തു. കഴിഞ്ഞ 27 ന് നെടുമ്പാശേരി വിമാനത്താവളം വഴി വ്യാജ രേഖകളുമായി ഷാർജയിലേക്ക് കടക്കാൻ ശ്രമിച്ച 4 ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യക്കാരാണെന്ന വ്യാജേനയാണ് ഇവർ പോകാൻ ശ്രമിച്ചത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്‍റെ നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജ രേഖകൾ തയ്യാറാക്കി നൽകുന്ന റാക്കറ്റിനെക്കുറിച്ച് വിവരം ലഭിച്ചത്. സംഘത്തിലെ പ്രധാന ഏജന്‍റായ അബ്ദുൾ ഷുക്കൂർ മംഗലാപുരം വിമാനത്താവളം വഴി രണ്ട് പേരെ വിദേശത്തേക്ക് കടത്താൻ കൊണ്ടുവരുന്ന വഴിയാണ് പൊലീസ് പിടികൂടിയത്. ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് ആളുകളെ കൊണ്ടുവന്ന് പാസ്പോർട്ട് ഉൾപടെയുള്ള രേഖകൾ തയാറാക്കി നൽകി മനുഷ്യക്കടത്ത് നടത്തുകയാണ് ഇയാൾ ചെയ്യുന്നത്. ഡിവൈഎസ്പി വി.രാജീവ്, എസ്ഐ ടി.എം.സൂഫി, എഎസ്ഐ സി.ഡി.സാബു, എസ്‌സിപിഒ ലിജോ ജേക്കബ്‌ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

ഇൻഡ്യ

മുസ്ലീം ലീഗിനെ നിരോധിക്കണമെന്ന് ഹര്‍ജി; കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീംകോടതി

ഡൽഹി: മതപരമായ ചിഹ്നങ്ങൾ ഉപയോഗിക്കുന്ന മുസ്ലീം ലീഗ് അടക്കമുള്ള പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. കേന്ദ്രസർക്കാരിനും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടതി നോട്ടീസയച്ചത്. നാല് ആഴ്ചയ്ക്കകം മറുപടി നല്‍കണം. മതപരമായ ചിഹ്നം ഉപയോഗിച്ച് വോട്ട് തേടുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ്, ഹിന്ദു ഏകതാ ദൾ തുടങ്ങിയ രാഷ്ട്രീയ സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സയ്യിദ് വാസിം റിസ്വിയാണ് കോടതിയെ സമീപിച്ചത്.  ജനപ്രാതിനിധ്യ നിയമപ്രകാരം മതപരമായ പേരോ ചിഹ്നമോ ഉപയോഗിച്ച് വോട്ട് തേടാന്‍ പാടില്ല, ഇത് രാഷ്ട്രീയ പാർട്ടികൾക്കും ബാധകമാണെന്നും, രണ്ട് പാർട്ടികളും ഈ നിയമം ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഹർജിയില്‍ പറയുന്നു. ജസ്റ്റിസ് എം ആർ ഷാ , ജസ്റ്റിസ് കൃഷ്ണ മുരാരി എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയില്‍ പറയുന്ന പാർട്ടികൾക്ക് കേസില്‍ കക്ഷി ചേരാനും കോടതി അനുമതി നല്‍കി. കേസ് ഇനി ഒക്ടോബർ 18ന് പരിഗണിക്കും. 

കോട്ടയം

എം എസ് എസ് അദ്ധ്യാപക ദിനചാരണം നടത്തി

ചങ്ങനാശ്ശേരി:  മുസ്‌ലിം സർവീസ് സൊസൈറ്റി അദ്ധ്യാപക ദിനചരണം നടത്തി.  മുനിസിപ്പൽ ചെയർ പേഴ്സൻ സന്ധ്യ മനോജ്‌ പി എം അഹമ്മദ് റാവുത്തറെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ പ്രസിഡന്റ് കെ എം രാജ അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി കെ എസ് ഹലീൽ റഹിമാൻ, ജില്ലാ സെക്രട്ടറി എൻ ഹബീബ്,  മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സാബു മുല്ലശ്ശേരി, പി എ സാദിക്ക്, പി എ സാലി, എ ജലാലു കുട്ടി എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകദിനാചാരണം നടത്തി

പൂഞ്ഞാർ: ഫ്യൂച്ചർ സ്റ്റാർസിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അധ്യാപകദിനാചാരണം പൂഞ്ഞാർ എസ് എം വി ഹയർ സെക്കന്ററി സ്കൂളിൽ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ആൻസി ജോർജ് അധ്യക്ഷത വഹിച്ചു. ആദ്യകാല അധ്യാപകരായ എം കെ വിശ്വനാഥ മേനോൻ, പി സരസമ്മ, ദ്രോണാചാര്യ കെ പി തോമസ് മാഷ്, ശരദാമ്മടീച്ചർ, ജോസിറ്റ് ജോൺ എന്നിവരെ എം എൽ എ പൊന്നാട അണിയിച്ചു ആദരിച്ചു. യോഗത്തിൽ പൂഞ്ഞാർ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോർജ്കുട്ടി കരിയാപുരയിടം നോബി ഡോമിനിക്, ജോൺസൻ ജോസഫ്, ആർ നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.