വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

ബലാത്സംഗക്കേസ്; എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം

കൊച്ചി:ബലാത്സംഗം കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. യുവതിയെ തട്ടിക്കൊണ്ടു പോയി ദേഹോപദ്രവമേൽപ്പിക്കൽ, ബലാത്സംഗം, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് നിലവിൽ എംഎൽഎയ്ക്ക് മേലുള്ളത്. യുവതിയെ തട്ടികൊണ്ട് പോയി ദേഹോപദ്രവം ചെയ്തതിനാണ് പൊലീസ് ആദ്യം കേസെടുത്തത്. യുവതി തുടർന്ന് നൽകിയ മൊഴിയിലാണ് ബലാ‌‌ൽസംഗം വകുപ്പ് കൂടി ചുമത്തിയത്. ഇതിന് ശേഷമാണ് ജാമ്യ ഹർജിയിൽ വാദം പൂർത്തിയായത്. ജാമ്യ ഹ‍ർജിയിൽ വാദം പൂർത്തിയായ ശേഷമാണ് എൽദോസിനെതിരെ വധശ്രമ വകുപ്പ് കൂടി പൊലീസ് ചുമത്തിയത്. എൽദോസിനെതിരെ കൂടുതൽ വകുപ്പ് ചുമത്തിയ കാര്യം പൊലീസ് കോടതിയെ അറിയിച്ചുണ്ട്.  .

ഇൻഡ്യ

രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു, ഗുരുതരമാകാമെന്ന് മുന്നറിയിപ്പ്

  ന്യൂഡല്‍ഹി: ഉത്സവ സീസണിലൂടെ കടന്നുപോകുന്നതിനിടെ, രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക. മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ പത്തുമുതല്‍ 16 വരെയുള്ള കാലയളവില്‍ കോവിഡ് കേസുകളില്‍ 17 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡിന്റെ എക്‌സ്‌എക്‌സ്ബി വകഭേദമാണ് മഹാരാഷ്ട്രയില്‍ പടരുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന താനെ, പുനെ, റായ്ഗഡ് തുടങ്ങിയ മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. എക്‌സ്‌എക്‌സ്ബി വകഭേദം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന സൂചന. അതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ അടക്കം പാലിച്ച്‌ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്‌പൈക് പ്രോട്ടീനില്‍ വലിയ മാറ്റങ്ങളോടെയാണ് പുതിയ വകഭേദം കണ്ടെത്തിയത്. നിലവില്‍ 17 രാജ്യങ്ങളില്‍ എക്‌സ്‌എക്‌സ്ബി പടര്‍ന്നുപിടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിഎ.2.75, ബിജെ.വണ്‍ ഉപവകഭേദങ്ങളെ അപേക്ഷിച്ച്‌ വ്യാപനശേഷി കൂടുതലാണെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. നിലവില്‍ ഇന്ത്യയില്‍ കഴിഞ്ഞ ആറുമാസ കാലയളവില്‍ കോവിഡ് ബാധിച്ചവരില്‍ ഏകദേശം 90 ശതമാനത്തിനും രോഗം ബാധിക്കാന്‍ കാരണം ബിഎ.2.75 വകഭേദമാണ്. എക്‌സ്‌എക്‌സ്ബി വെറും ഏഴുശതമാനം മാത്രമാണ്. സിംഗപ്പൂരില്‍ ഓഗസ്റ്റിലാണ് എക്‌സ്‌എക്‌സ്ബി വകഭേദം കണ്ടെത്തിയത്. തുടര്‍ന്ന് വലിയ തോതില്‍ കോവിഡ് കേസുകള്‍ ഉയരുന്നതിനാണ് വകഭേദം കാരണമായത്. എക്‌സ്‌എക്‌സ്ബി വകഭേദത്തിന്റെ സ്‌പൈക് പ്രോട്ടീനില്‍ ഏഴുമാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇത് രോഗപ്രതിരോധശേഷിയെ മറികടന്നേക്കുമെന്നാണ് വിദഗ്ധര്‍ ഭയപ്പെടുന്നത്. കൂടാതെ കടുത്ത അണുബാധയ്ക്കും ഇത് കാരണമായേക്കാം. ആശുപത്രിവാസം ഉയരാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എങ്കിലും പ്രായമായവര്‍ക്കും മറ്റു രോഗങ്ങള്‍ ഉള്ളവര്‍ക്കും രോഗം ബാധിച്ചാല്‍ മാത്രമേ ഗുരുതരമാകാന്‍ സാധ്യതയുള്ളുവെന്നാണ് ആരോഗ്യവിദഗ്ധരുടെ കണക്കുകൂട്ടല്‍

വിദ്യാഭ്യാസം

സ്കൂള്‍ വിനോദ യാത്ര ഇനി വര്‍ഷത്തിൽ 3 ദിവസം മാത്രം; പുതുക്കിയ മാനദണ്ഡങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: സ്കൂള്‍ വിനോദയാത്രകള്‍ക്കുള്ള പുതുക്കിയ മാനദണ്ഡം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കി. ഗതാഗതവകുപ്പ് നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന വാഹനങ്ങള്‍ മാത്രമെ ഉപയോഗിക്കാവൂ. വാഹനങ്ങളുടെ രേഖകള്‍ സ്കൂള്‍ അധികൃതര്‍ പരിശോധിച്ച് ഉറപ്പാക്കണം. നിയമവിരുദ്ധമായ ലൈറ്റുകളും ശബ്ദസംവിധാനവുമുള്ള കോണ്‍ട്രാക്ട് ക്യാരേജുകള്‍ ഉപയോഗിക്കരുത്. രാത്രി പത്തിനുശേഷവും രാവിലെ അഞ്ചിന് മുന്‍പും യാത്ര പാടില്ല. വിനോദ–പഠന യാത്രയ്ക്ക് മുന്‍പ് രക്ഷിതാക്കളുടെ യോഗം വിളിച്ച് സ്കൂള്‍ അധികൃതര്‍ വിശദാംശങ്ങള്‍ അറിയിക്കണം. ഒരു അക്കാദമിക വര്‍ഷം മൂന്നുദിവസമേ വിനോദയാത്രക്കായി മാറ്റിവയ്ക്കാവൂ. 15 വിദ്യാര്‍ഥികള്‍ക്ക് ഒരുഅധ്യാപകനെന്ന അധ്യാപക, വിദ്യാര്‍ഥി അനുപാതം പാലിക്കണമെന്നും മാര്‍ഗരേഖ പറയുന്നു.

പ്രാദേശികം

ഗണിതശാസ്ത്രമേള; വീണ്ടും ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസിന്റെ സമ്പൂർണ ആധിപത്യം

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം ഗണിതശാസ്ത്ര വിഭാഗത്തിൽ ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ 223 പോയിന്റുമായി ഓവർ ഓൾ ചാമ്പ്യന്മാരായി. യു പി വിഭാഗത്തിൽ 29 പോയിന്റോടെയും ഹൈസ്കൂൾ വിഭാഗത്തിൽ 76 പോയിന്റുമായും ഹയർ സെക്കന്ററി വിഭാഗത്തിൽ 118 പോയിന്റുമായും എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനവും സ്കൂളിനാണ്. ഹൈസ്കൂൾ വിഭാഗത്തിൽ 8 മത്സരങ്ങൾക്കും ഹയർ സെക്കന്ററി വിഭാഗത്തിൽ 15 മത്സരങ്ങൾക്കും ഈരാറ്റുപേട്ട ഉപജില്ലയെ പ്രതിനിധീകരിച്ച് സ്കൂളിലെ 24 കുട്ടികൾ ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കും.

ഇൻഡ്യ

രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു; ഡോളറിന് 83.12 ലെത്തി

മുംബൈ: യു.എസ് ഡോളറുമായുളള വിനിമയത്തില്‍ രൂപയുടെ മൂല്യത്തകര്‍ച്ച പുതിയ റെക്കോര്‍ഡില്‍. വ്യാഴാഴ്ച രാവിലെ ഡോളര്‍ ഒന്നിന് 83.08 എന്ന നിരക്കില്‍ വിനിമയം തുടങ്ങിയെങ്കിലും വൈകാതെ 83.12 എന്ന നിരക്കിലേക്ക് കൂപ്പുകുത്തി. ബുധനാഴ്ച വൈകിട്ട് 83.02 എന്ന നിരക്കിലാണ് വിനിമയം അവസാനിപ്പിച്ചത്. ഇന്നലെ 0.66 രൂപയുടെ നഷ്ടമാണ് ഉണ്ടായത്.ഇന്നു രാവിലെ വിനിമയം ആരംഭിച്ചതോടെ ആറ് പൈസ കൂടി നഷ്ടത്തില്‍ എത്തുകയായിരുന്നു.

കേരളം

വ്യാപന ശേഷി കൂടിയ പുതിയ കോവിഡ് വകഭേദം; ഗുരുതരമാകാന്‍ സാധ്യത ആർക്കൊക്കെ? വേണം ശരിയായ പ്രതിരോധം

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് പുതിയ ജനിതക വകഭേദം (XBB, XBB1) റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. എല്ലാ ജില്ലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെയുള്ള കോവിഡ് വകഭേദങ്ങളില്‍ നിന്നും വളരെ വ്യാപന ശേഷിയുള്ളതാണ് പുതിയ വകഭേദം. അതിനാല്‍തന്നെ പ്രതിരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്. രോഗം ബാധിച്ചവരില്‍ 1.8 ശതമാനം പേര്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമായി വരാം. നിലവില്‍ ആശങ്കപ്പെടേണ്ട യാതൊരു സാഹചര്യവുമില്ല. എങ്കിലും എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. സ്വയം പ്രതിരോധത്തിനായി എല്ലാവരും മാസ്‌ക് കൃത്യമായി ധരിക്കണം. പ്രായമായവരും അനുബന്ധ രോഗമുള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എയര്‍പോര്‍ട്ടിലും അടച്ചിട്ട സ്ഥലങ്ങളിലും മാസ്‌ക് ധരിക്കേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. ആരോഗ്യ വകുപ്പിന്റെ മുന്‍കരുതലുകളും ക്രമീകരണങ്ങളും വിലയിരുത്താന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചു കൂട്ടി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ പൊതുവേ കുറഞ്ഞു വരികയാണെന്ന് യോഗം വിലയിരുത്തി. കോവിഡ് കേസുകള്‍ നിലവില്‍ ആയിരത്തില്‍ താഴെയാണ്. കോവിഡ് ജനിതക വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ സ്ഥിരമായി സാമ്പിളുകള്‍ അയച്ചു വരുന്നു. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ സാമ്പിളുകള്‍ ജനിതക വകഭേദത്തിനായി അയയ്ക്കും. ആശുപത്രി അഡ്മിഷന്‍, കിടക്കകള്‍, ഐസിയു ഉപയോഗം കൃത്യമായി എന്നിവ നിരീക്ഷിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി ഇന്‍ഫ്‌ളുവന്‍സ കേസുകളും കോവിഡും റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ഇന്‍ഫ്‌ളുവന്‍സയ്ക്ക് സമാനമായ രോഗലക്ഷണങ്ങളുമായി വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുന്നതാണ്. പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും പുതിയ കോവിഡ് വകഭേദം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍തന്നെ അവര്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രായമായവരും ആരോഗ്യ പ്രവര്‍ത്തകരും അനുബന്ധ രോഗമുള്ളവരും നിര്‍ബന്ധമായും കരുതല്‍ ഡോസ് എടുക്കേണ്ടതാണ്.

കേരളം

വാഹന അപകടത്തിൽ വാവ സുരേഷിന് ഗുരുതര പരിക്ക്

തിരുവനന്തപുരം :വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാർ കിളിമാനൂർ വെച്ച് അപകടത്തിൽ പെട്ടു.തിരുവനന്തപുരത്തു നിന്നും നിലമേൽ ഭാഗത്തേക്ക് പോകുന്ന വഴിയായിരുന്ന കാർ നിയന്ത്രണം തെറ്റി മൺതിട്ടയിൽ പോയിടിച്ചു. തുടർന്ന് കാർ നിയന്ത്രണം തെറ്റി എതിരെ വന്നിരുന്ന കെഎസ് ആർടിസി ബസുമായി ഇടിക്കുകയായിരുന്നു. വാവ സുരേഷിന് മുഖത്ത് ഗുരുതര പരിക്കുപറ്റിയിട്ടുണ്ട്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേരളം

ദയാ ബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്; മുഖ്യമന്ത്രിയുടെ ഉറപ്പ് മുഖവിലയ്‌ക്കെടുക്കുമോ എന്നറിയാം

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള സാമൂഹിക പ്രവര്‍ത്തക ദയാ ബായിയുടെ നിരാഹാര സമരം 18ാം ദിവസത്തിലേക്ക്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ സമരത്തില്‍ നിന്ന് പിന്മാറണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ദയാബായി മുഖവിലയ്‌ക്കെടുക്കുമോ എന്ന് ഇന്നറിയാം. സര്‍ക്കാര്‍ ഉറപ്പ് രേഖാമൂലം ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിലപാടിലായിരുന്നു ദയാബായിയും സമരസമിതിയും. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് അഞ്ച് ദിവസമായെങ്കിലും ദയാബായി നിരാഹാര സമരം തുടരുകയാണ്. മന്ത്രി തല ചര്‍ച്ചയിലെ ഒത്തുതീര്‍പ്പ് ശ്രമം പാളിയ പശ്ചാത്തലത്തില്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യം ശക്തമായിരുന്നു. സമരത്തോട് അനുഭാവപൂര്‍വ്വമായ സമീപനമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കണമെന്നത് സര്‍ക്കാരിന്റെ സുവ്യക്തമായ നിലപാടാണ്. സമരക്കാര്‍ ഉയര്‍ത്തിയ നാല് ആവശ്യങ്ങളില്‍ മൂന്നെണ്ണം നടപ്പിലാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതാണെന്നും അത് സര്‍ക്കാര്‍ പാലിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.