വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കേരളം

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം വൈകുന്നേരം 6 മണിക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താ സമ്മേളനം വൈകിട്ട് ആറിന്.  സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ഈസാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ഗവർണർക്കെതിരെ നേരത്തെയും രൂക്ഷഭാഷയിൽ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ യൂറോപ്യൻ സന്ദർശനവുമായി ബന്ധപ്പെട്ട വിവരങ്ങളും വാർത്താ സമ്മേളനത്തിൽ വിശദീകരിക്കും.

കേരളം

നിർമ്മാണസാമഗ്രികളുടെ വില 10 മുതൽ 20 ശതമാനം വരെ വർദ്ധിപ്പിച്ചു

കോഴിക്കോട്‌: ഒരു കാരണവുമില്ലാതെ സിമന്റിന് വില വർദ്ധിപ്പിച്ച കമ്പനികളുടെ തേപ്പിൽ വീടുപണിയടക്കം പാതിയിൽ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാർ. രണ്ടാഴ്ചയ്ക്കിടെ സിമന്റിന് ചാക്കൊന്നിന് 60 മുതൽ 90 രൂപ വരെയാണ്  വർദ്ധിച്ചത്. മുൻനിര ബ്രാൻഡുകളുടെ വിലയിലാണ് കാര്യമായ മാറ്റം. എ ഗ്രേഡ് സിമന്റിന് ചാക്കിന് 480 മുതൽ 510 രൂപ വരെയാണ് വില. രണ്ടാഴ്ച മുമ്പ് വരെ 370 - 400 രൂപയ്ക്കുള്ളിൽ ലഭിച്ച സിമന്റിനാണ് ഇങ്ങനെ വില കൂടിയത്. ബി ഗ്രേഡ് സിമന്റുകൾക്കും വൈകാതെ വില ഉയർന്നേക്കുമെന്ന് വ്യാപാരികൾ പറയുന്നു. കൊവിഡ് ലോക്ക്ഡൗണിന് ശേഷം നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നിരുന്നെങ്കിലും പിന്നീട് പടിപടിയായി കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം മുതൽ വിവിധ നിർമ്മാണ സാമഗ്രികളുടെ വിലയിൽ കാര്യമായ വർദ്ധനവുണ്ട്. മഴ വിട്ടുനിന്നതോടെ നിർമ്മാണ പ്രവൃത്തികൾ കൂടുതലായി തുടങ്ങുന്ന സമയത്തെ വില വർദ്ധനവ് നിർമ്മാണ മേഖലയ്ക്ക് ഇടിത്തീയായിട്ടുണ്ട്. ഒരുമാസത്തിനിടെ നിർമ്മാണ സാമഗ്രികളുടെ വില 10 മുതൽ 20 ശതമാനം വരെ വർദ്ധിച്ചു. ഒരു ചതുരശ്ര അടിക്ക് 30 മുതൽ 50 രൂപ വരെ കൂടിയതിനാൽ അധികച്ചെലവ് ഉടമകൾ വഹിക്കണമെന്ന നിലപാടിലാണ് കരാറുകാർ. ടി.എം.ടി കമ്പികളുടെ വിലയിൽ കാര്യമായ വർദ്ധനവുണ്ട്. നേരത്തെ കിലോയ്ക്ക് 65 - 70 രൂപ നിരക്കായിരുന്നെങ്കിൽ ഇപ്പോൾ 72 മുതൽ 80 രൂപ വരെയായി. മുൻനിര ബ്രാൻഡഡ് കമ്പികൾക്ക് 80 രൂപയ്ക്ക് മുകളിലാണ് വില. ഇൻഡസ്ട്രിയൽ പ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന കമ്പികളുടെ വില വീണ്ടും വർദ്ധിക്കുന്നുണ്ട്. 115 രൂപ വരെ എത്തിയിരുന്ന വില താഴ്ന്ന് 95ൽ എത്തിയിരുന്നു. ഇതാണ് വീണ്ടും ഉയരുന്നത്. ചെങ്കല്ലിന് 48 മുതൽ 55 രൂപ വരെ നൽകണം. 45 രൂപയ്ക്ക് ഫസ്റ്റ് ക്വാളിറ്റി ചെങ്കല്ല് കിട്ടിയിരുന്ന സ്ഥാനത്താണിത്.

കേരളം

പെട്രോള്‍ നിറച്ചു വന്ന ടാങ്കര്‍ ലോറിയും ഒമിനി വാനും തമ്മില്‍ കൂട്ടിയിടിച്ച് അപകടം

അടൂര്‍ വടക്കടത്ത്കാവില്‍ പെട്രോള്‍ നിറച്ചു വന്ന ടാങ്കര്‍ ലോറിയും ഒമിനി വാനും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഫുള്‍ ലോഡ് പെട്രോളുമായി വന്ന ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. 12,000ലിറ്റര്‍ പെട്രോള്‍ ആണ് വണ്ടിയില്‍ ഉള്ളത്. 12.45 ഓടെയാണ് അപകടം ഉണ്ടായത്. ഒമിനി വാനില്‍ ഉണ്ടായിരുന്നവര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്നും പെട്രോളുമായി വന്നതാണ് ടാങ്കര്‍ ലോറി. പെട്രോള്‍ ലീക്ക് ചെയ്യുന്നതിനാല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടൂരിന് പുറമെ കൊട്ടാരക്കര, പത്തനംതിട്ട ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ടീം സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്.

പ്രാദേശികം

ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ നാളെയും മറ്റന്നാളും കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ.

ഈരാറ്റുപേട്ട വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ  ഒക്ടോബർ 19 ,20 (ബുധൻ, വ്യാഴം) തീയതികളിൽ കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചു നടത്തപ്പെടുന്നു. ബുധനാഴ്ച്ച രാവിലെ 09.30 നു സ്കൂൾമാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കേരളാ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. തുടർന്ന്, ശാസ്ത്ര ഗണിതശാസ്ത്ര മേളകളും വ്യാഴാഴ്ച സാമൂഹ്യശാസ്ത്ര പ്രവൃത്തി പരിചയ മേളകളും നടക്കും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 4.00 നു നടക്കുന്ന സമാപന സമ്മേളനം പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനവും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രജീഷ് വിജയികൾക്കുള്ള സമ്മാന വിതരണവും നിർവഹിക്കും.

കേരളം

ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാലിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. നേരത്തെ പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം ഈ ജില്ലകളിൽ യെല്ലോ അലർട്ടായിരുന്നു. അതേസമയം പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. കാസർകോട് നിലവിൽ മഴ മുന്നറിയിപ്പില്ല. സംസ്ഥാനത്ത് പരക്കെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും, അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.  സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒക്ടോബർ 22 (ശനിയാഴ്ച) വരെ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലിനും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിന് സമീപത്തായി ചക്രവാതച്ചുഴി നിലനിൽക്കുന്നതാണ് മഴ വ്യാപകമാകാൻ സാധ്യത ഒരുക്കുന്നത്. ചക്രവാതച്ചുഴിയിൽ നിന്നും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ ന്യുനമർദ്ദ പാത്തിയും സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.  തെക്കൻ ആൻഡമാൻ കടലിന് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് ഒക്ടോബർ 20 ഓടെ   വടക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറൻ  ദിശയിൽ സഞ്ചരിച്ച് തുടർന്നുള്ള 48 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായും വ്യാപക മഴ പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് ശേഷം തുലാവർഷത്തിന് മുന്നോടിയായുള്ള ഇടിയോട് കൂടിയ മഴയും ഉണ്ടാകും എന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

ഇൻഡ്യ

പുതിയ ഒമിക്രോണ്‍ വകഭേദം ബിക്യു.1ന്റെ ആദ്യ കേസ് ഇന്ത്യയില്‍ റിപോര്‍ട്ട് ചെയ്തു

പൂനെ: ഇന്ത്യയില്‍ ഒമിക്രോണിന്റെ പുതിയ ഉപ വകഭേദം ബിക്യു.1 ന്റെ ആദ്യ കേസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച പൂനെയില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ സാംപിളാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഗുജറാത്ത് ബയോടെക്‌നോളജി അടുത്തിടെ മറ്റൊരു വകഭേദമായ ബിഎഫ് 7 കണ്ടെത്തിയതിന് പിന്നാലെയാണ് ബിക്യു.1 ഉം കണ്ടെത്തിയത്. ബിക്യു.1, ബിഎഫ്.7 എന്നീ ഉപ വകഭേദങ്ങള്‍ കൂടുതല്‍ പകര്‍ച്ചാശേഷിയുള്ള മ്യൂട്ടേഷനുകളാണ്. ഈ മ്യൂട്ടേഷനുകള്‍ കൂടുതല്‍ വേഗത്തില്‍ പടരുന്നതും വാക്‌സിന്‍ വഴി ആര്‍ജിച്ച പ്രതിരോധ കവചത്തെ എളുപ്പത്തില്‍ ഭേദിക്കുന്നതുമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. നിലവില്‍ അമേരിക്കയില്‍ ഒമിക്രോണിന്റെ മറ്റൊരു വകഭേദം ബിഎ.5 പടരുന്നതായാണ് റിപോര്‍ട്ട്. ഉല്‍സവ സീസണിന് മുന്നോടിയായി മറ്റൊരു തരംഗത്തിലേക്ക് പോവാനുള്ള സാധ്യത വളരെക്കൂടുതലാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ (സിഡിസി) പുറത്തുവിട്ട ഏറ്റവും പുതിയ കണക്ക് പ്രകാരം, അമേരിക്കയില്‍ 10 കേസുകളില്‍ ഒന്ന് എന്ന വിധത്തില്‍ ബിക്യു.1 വ്യാപിക്കുന്നുണ്ട്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ചീഫ് മെഡിക്കല്‍ അഡൈ്വസറും മികച്ച പകര്‍ച്ചവ്യാധി വിദഗ്ധനുമായ ഡോ. ആന്റണി ഫൗസി ഈ പുതിയ ബിക്യു ആവിര്‍ഭാവത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ട് മുതല്‍ ജര്‍മനി വരെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയ തരംഗങ്ങള്‍ ആരംഭിച്ചതായാണ് റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ യുഎസില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്ന അണുബാധകളില്‍ 5.7 ശതമാനം ബിക്യു.1, ബിക്യു.1.1 എന്നീ വകഭേദങ്ങളാണെന്ന് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ നിര്‍ണായകമായ വാദങ്ങള്‍ ഉന്നയിക്കുന്നതിന് കൊവിഡിന്റെ പുതിയ മ്യൂട്ടേഷനൊന്നും ശക്തിപ്രാപിച്ചിട്ടില്ലെങ്കിലും ബിക്യു.1 മറ്റ് രാജ്യങ്ങളില്‍ വാക്‌സിന്‍ പ്രതിരോധശേഷിയെ മറികടക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. അതിനാല്‍, ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ജാഗ്രത പുലര്‍ത്തണമെന്നുമാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

പ്രാദേശികം

ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻ്റിൻ്റെ മുകൾ നിലയിൽ ലഹരി ഉപയോഗമെന്ന് ആക്ഷേപം; ഗെയ്റ്റ് പണിത് നൽകി ഗൈഡൻസ് സ്കൂളിൻ്റെ സാമൂഹിക ദൗത്യം.

ഈരാറ്റുപേട്ട: ആക്ഷേപം നിലനിൽക്കുന്ന ഈരാറ്റുപേട്ട പ്രൈവറ്റ് ബന്റ്റാൻഡിൻ്റെ രണ്ടാം നിലയ്ക്ക് ഗെയ്റ്റ് പിടിപ്പിച്ചു നൽകി ഗൈഡൻസ് പബ്ലിക് സ്കൂൾ മാതൃകയായി.  ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്റ്റാൻ്റിൽ ഗൈഡൻസ് പബ്ലിക് സ്കൂളിലെ കുട്ടികൾ ബോധവത്കരണ പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. അന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്കൂൾ അധികൃതർ ഗെയ്റ്റ് പിടിപ്പിക്കാൻ സന്നദ്ധരായത്.  ധാരാളം വിദ്യാർഥികൾ ബസ്റ്റാൻ്റ് കെട്ടിടത്തിൻ്റെ മുകളിൽ വന്ന് ലഹരി ഉപയോഗിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. മുകൾ നിലയിലെ പല സ്ഥലങ്ങളും വിജനമായി കിടക്കുകയാണ്. താഴെ നിന്നും മുകളിലെ നിലയിലേക്കുഉള പടികൾ തകർന്ന് കിടക്കുന്നതിനാൽ രാത്രി സമയങ്ങളിൽ ഇവിടം അടയ്ക്കാൻ  സാധിക്കുമായിരുന്നില്ല. ഇവിടുത്തെ ഗൈറ്റ് പുനഃസ്ഥാപിച്ചാൽ മുകളിലത്തെ നില  ദുരുപയോഗം ചെയ്യുന്നത് തടയാൻ കഴിയുമെന്ന തിരിച്ചറിവിലാണ് സ്കൂളിൻ്റെ വകയായി തന്നെ ഇവിടെ ഗൈറ്റ് സ്ഥാപിച്ചത്. നിരവധി തവണ നാട്ടുകാർ ചൂണ്ടിക്കാട്ടിയിട്ടും തിരിഞ്ഞു നോക്കാതിരുന്ന നഗരസഭയ്ക്കും മാതൃകയാണ് ഗൈഡൻസ് സ്കൂളിൻ്റെ പ്രവർത്തനമെന്നാണ് നാട്ടുകാരുടെ കമൻ്റ്.

കേരളം

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ 9 ജില്ലകളിലും വ്യാഴം 8 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. മലയോര മേഖലകളിൽ മഴ ശക്തമായേക്കും.വ്യാഴാഴ്ച്ചയോടെ വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെടാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ ഒക്ടോബർ 17 മുതൽ 21 വരെ വ്യാപകമായ മഴക്ക് സാധ്യത പ്രവചിക്കുന്നു. കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല.